ട്രായ് നിർദേശം: എയർടെൽ പുതിയ പ്ലാൻ പ്രഖ്യാപിച്ചു
Thursday, January 23, 2025 12:35 AM IST
കൊല്ലം: ടെലികോം റെഗുലേറ്ററി അഥോറിറ്റി ഒാഫ് ഇന്ത്യയുടെ (ട്രായ്) നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വോയ്സ്, എസ്എംഎസ് പായ്ക്കുകൾ മാത്രം അടങ്ങിയ രണ്ട് പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ എയർടെൽ അവതരിപ്പിച്ചു.
509 രൂപയുടെ പുതിയ പ്ലാനിൽ 84 ദിവസത്തെ കാലാവധിയിൽ അൺലിമിറ്റഡ് വോയ്സ് കോളുകളും 900 എസ്എംഎസുകളും ലഭിക്കും.രണ്ടാമത്തെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ 1999 രൂപയുടെ വാർഷിക പായ്ക്കാണ്. ഇതിൽ 365 ദിവസം അൺലിമിറ്റഡ് വോയ്സ് കോളുകളും 3000 സൗജന്യ എസ്എംഎസുമാണു നൽകുന്നത്.
ഇത് കൂടാതെ രണ്ട് പ്ലാനുകളിലും ഉപയോക്താക്കൾക്ക് എയർടെൽ എക്സ്ട്രീം ആപ്പ്, അപ്പോളോ 24/7 സർക്കിൾ അംഗത്വം, ഹലോ ട്യൂൺസ് തുടങ്ങിയ അധിക സേവനങ്ങളും സൗജന്യമായി നൽകും. സൗജന്യ പരിധിക്ക് അപ്പുറമുള്ള എസ്എംഎസുകൾക്ക് അധിക നിരക്ക് നൽകേണ്ടിയും വരും. ലോക്കലിന് ഒരു രൂപയും എസ്ടിഡി എസ്എംഎസിന് 1.5 രൂപയുമാണ് അധികമായി ഈടാക്കുക.
ഭാരതി എയർടെല്ലിന് പിന്നാലെ ഇതര മൊബൈൽ കമ്പനികളും സമീപ ദിവസങ്ങളിൽത്തന്നെ സമാനമായ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുമെന്നാണു സൂചന.