യുഎസിൽ എഐ വികസനത്തിന് 5000 കോടിയുടെ നിക്ഷേപം
Thursday, January 23, 2025 12:35 AM IST
വാഷിംഗ്ടണ്‍ ഡിസി: യുഎസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി സ്വകാര്യമേഖലയിൽ കോടിക്കണക്കിനു ഡോളർ നിക്ഷേപിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 5000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
എഐ വികസനത്തിനായി ഓപ്പണ്‍ എഐ, സ്റ്റോഫ്റ്റ്ബാങ്ക്, ഒറാക്കിൾ എന്നീ വൻ കന്പനികളുടെ സംയുക്ത സംരംഭം സ്റ്റാർഗേറ്റ് എന്ന പേരിൽ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും ട്രംപ് അറിയിച്ചു.
സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷി സണ്‍, ഓപ്പണ്‍ എഐ സിഇഒ സാം ഓൾട്മാൻ, ഒറാക്കിൽ സിഇഒ ലാറി എലിസണ്‍ എന്നിവരും ട്രംപിന്റെ പ്രഖ്യാപന വേളയിൽ സന്നിഹിതരായി. അടുത്ത നാലു വർഷത്തിനുള്ളിൽ സ്റ്റാർഗേറ്റിൽ നിക്ഷേപം നടത്തും. ഇതിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
പ്രോജക്റ്റിനായി 10 ഡാറ്റാ സെന്ററുകൾ ഇതിനകം ടെക്സാസിൽ നിർമാണത്തിലാണെന്നും കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും എലിസണ്‍ പറഞ്ഞു. സ്റ്റാർഗേറ്റ് ടെക്സാസിൽ ഒരു ഡാറ്റാ സെന്റർ പ്രോജക്റ്റ് ആരംഭിക്കുമെന്നും പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.