എയർടെൽ മലക്കംമറിഞ്ഞു: പിൻവലിച്ച പ്ലാൻ പുതുക്കി അവതരിപ്പിച്ചു
Friday, January 24, 2025 2:43 AM IST
കൊല്ലം: ട്രായ് നിർദേശാനുസരണം വോയ്സ്, എസ്എംഎസ് പായ്ക്കുകൾ മാത്രം അടങ്ങിയ രണ്ട് പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ എയർടെൽ പ്രഖ്യാപിച്ച ശേഷം പിൻവലിച്ചത് വീണ്ടും പരിഷ്കരിച്ച് അവതരിപ്പിച്ചു. വ്യാപക പ്രതിഷേധത്തെ തുടർന്നാണ് പ്ലാൻ അതിവേഗം പരിഷ്കരിക്കാൻ കമ്പനി നിർബന്ധിതമായത്.
ഏറ്റവും പുതിയ പ്ലാൻ അനുസരിച്ച് 499 രൂപ റീച്ചാർജിൽ 84 ദിവസം അൺലിമിറ്റഡ് കോളും 900 എസ്എംഎസുകളും ലഭിക്കും. ഇതിന് ഇന്നലെ പ്രഖ്യാപിച്ച നിരക്ക് 509 രൂപയായിരുന്നു. 10 രൂപ കുറച്ചു.
രണ്ടാമത്തെ പ്ലാനിൽ 1959 രൂപ റീച്ചാർജിൽ 365 ദിവസം അൺലിമിറ്റഡ് വോയ്സ് കോളുകളും 3000 സൗജന്യ എസ്എംഎസുകളും ലഭിക്കും. കഴിഞ്ഞ ദിവസം ഇതിന്റെ നിരക്ക് 1999 രൂപയായാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ 40 രൂപയുടെ കുറവ് വരുത്തി.
കൂടാതെ രണ്ട് പ്ലാനുകളിലും മൂന്ന് മാസത്തേക്ക് അപ്പോളോ 24 x 7 സർക്കിൾ അംഗത്വം, സൗജന്യ ഹലോ ട്യൂൺ എന്നിവയും നൽകും. ഇത് കൂടാതെ ഡേറ്റ കൂടി ലഭിക്കുന്ന പ്ലാനുകളും എയർടെൽ പരിഷ്കരിച്ചു. 548 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ 84 ദിവസത്തക്ക് അൺലിമിറ്റഡ് കോൾ, ഏഴ് ജിബി ഡേറ്റ, 900 എസ്എംഎസ് എന്നിവ ലഭിക്കും.
നേരത്തേ 509 രൂപയുടെ പ്ലാനിൽ 84 ദിവസത്തേക്ക് ആറ് ജിബിയാണ് നൽകിയിരുന്നത്. നിരക്ക് 39 രൂപ കൂട്ടിയപ്പോൾ ഒരു ജിബി ഡേറ്റ മാത്രമാണ് അധികമായി നൽകുന്നത്.
അതുപോലെ 1999 രൂപയുടെ പ്ലാൻ 2249 രൂപയായും ഉയർത്തി. 2249 രൂപയ്ക്ക് റീച്ചാർജ് ചെയ്യുമ്പോൾ 365 ദിവസം അൺലിമിറ്റഡ് കോളും 30 ജിബി ഡേറ്റയും 3600 സൗജന്യ എസ്എംഎസും ലഭിക്കും. 1999 രൂപയുടെ റീച്ചാർജിൽ നേരത്തേ 24 ജിബി ഡേറ്റയാണ് നൽകിയിരുന്നത്. നിരക്കിൽ 250 രൂപ വർധിപ്പിച്ചപ്പോൾ ഡേറ്റ 30 ജിബിയായി ഉയർത്തി എന്നു മാത്രം.
ജിയോയും പ്ലാൻ മാറ്റി
ജിയോയും വോയിസ് -എസ്എംഎസ് മാത്രം അടങ്ങിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. 458 രൂപ റീച്ചാർജിൽ 84 ദിവസം അൺലിമിറ്റഡ് കോളുകളും 1000 എസ്എംഎസും ലഭിക്കും. 1958 രൂപ റീച്ചാർജിൽ 365 ദിവസം അൺ ലിമിറ്റഡ് കോളുകളും 3600 എസ്എംഎസും ലഭ്യമാകും. രണ്ട് പ്ലാനുകളിലും ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയുടെ സബ്സ്ക്രിപ്ഷനും അധികമായി കിട്ടും.