കൈത്തറി സാരി മേളയ്ക്കു തുടക്കം
Thursday, January 23, 2025 12:35 AM IST
തൃശൂർ: കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള കൈത്തറി സാരി മേളയ്ക്കു തൃശൂരിൽ തുടക്കം.
അയ്യന്തോളിലെ ലുലു ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിലെ ആംബർ ഹാളിൽ നടക്കുന്ന മേള ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിലുള്ള കൈത്തറി ഡെവലപ്മെന്റ് കമ്മീഷണറാണു സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി എട്ടു വരെയുള്ള മേളയിൽ അന്‍പതിലധികം പരന്പരാഗതസാരികൾ അവതരിപ്പിക്കുന്നു.
ഇന്ത്യയിലുടനീളമുള്ള 75 കൈത്തറി നെയ്ത്തുകാരും സ്വയംസഹായ ഗ്രൂപ്പുകളും (എസ്എച്ച്ജികൾ) സൊസൈറ്റികളും പങ്കെടുക്കുന്നുണ്ട്. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ജമ്മു കാഷ്മീർ, ബിഹാർ, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ വൈവിധ്യമാർന്ന കലാവൈഭവം പ്രതിഫലിപ്പിച്ചുകൊണ്ട് ബനാറസി, പട്ടോള, ചന്ദേരി, കുത്താന്പുള്ളി, ബാലരാമപുരം, തങ്കലി, കോസ, കലംകാരി, കാസർഗോഡ് തുടങ്ങിയ പ്രശസ്തമായ നെയ്ത്തുത്പന്നങ്ങൾ മേളയിലുണ്ട്.
ഇന്ത്യൻ കൈത്തറി സാരികളുടെ പാരന്പര്യം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം പ്രാദേശിക നെയ്ത്തുകാർക്ക് ഉപയോക്താക്കൾ, കയറ്റുമതിക്കാർ എന്നിവരുമായി ബന്ധപ്പെടാനുള്ള അവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണു മേള സംഘടിപ്പിക്കുന്നത്. ഈ സാരികൾ നെയ്തെടുക്കുന്നതിലെ സങ്കീർണതകൾ അടുത്തറിയാൻ സന്ദർശകർക്ക് അവസരമൊരുക്കാനായി തത്സമയ നെയ്ത്തുപ്രദർശനങ്ങളും മേളയുടെ ഭാഗമായി നടക്കും. 28നു മേള സമാപിക്കും.