സൗത്ത് ഇന്ത്യന്‍ ബാങ്കിന് റിക്കാർഡ് അറ്റാദായം
Wednesday, January 22, 2025 12:20 AM IST
കൊച്ചി: സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം. 11.96 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 341.87 കോടി രൂപയാണ് ബാങ്ക് നേടിയ ലാഭം.
മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 305.36 കോടി രൂപയായിരുന്നു. ബാങ്കിന്റെ പ്രവര്‍ത്തനലാഭം മുന്‍ വര്‍ഷത്തെ 483.45 കോടി രൂപയില്‍നിന്ന് 528.84 കോടി രൂപയായും വര്‍ധിച്ചു. 9.39 ശതമാനമാണു വാര്‍ഷിക വളര്‍ച്ച.
മൊത്ത നിഷ്ക്രിയ ആസ്തികള്‍ മുന്‍വര്‍ഷത്തെ 4.74 ശതമാനത്തില്‍നിന്ന് 44 പോയിന്റുകള്‍ കുറച്ച് 4.30 ശതമാനത്തിലെത്തിച്ചു. അറ്റ നിഷ്ക്രിയ ആസ്തി 36 പോയിന്റുകള്‍ കുറച്ച് 1.61 ശതമാനത്തില്‍നിന്നും 1.25 ശതമാനത്തിലെത്തിക്കാനും ബാങ്കിന് കഴിഞ്ഞു. ആസ്തികളിലുള്ള വരുമാനം 1.07 ശതമാനത്തില്‍നിന്ന് 1.12 ശതമാനമായും വര്‍ധിച്ചു. അറ്റ പലിശ വരുമാനം 6.13 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 869.26 കോടി രൂപയിലെത്തി.
എഴുതിത്തള്ളല്‍ ഉള്‍പ്പെടുത്തിയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 310 പോയിന്റുകള്‍ വര്‍ധിച്ച് 81.07 ശതമാനമായി. എഴുതിത്തള്ളലിന് പുറമേയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 465 പോയിന്റുകള്‍ വര്‍ധിച്ച് 71.73 ശതമാനവുമായി.
റീട്ടെയിൽ നിക്ഷേപങ്ങള്‍ 7.71 ശതമാനം വളര്‍ച്ചയോടെ 1,02,420 കോടി രൂപയിലെത്തി. പ്രവാസി (എന്‍ആര്‍ഐ) നിക്ഷേപം 6.49 ശതമാനം വര്‍ധിച്ച് 31,132 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവില്‍ 29,236 കോടി രൂപയായിരുന്നു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട് ആൻഡ് സേവിംഗ്സ് അക്കൗണ്ട്) നിക്ഷേപം 4.13 ശതമാനം വര്‍ധിച്ചു. സേവിംഗ്സ് ബാങ്ക് നിക്ഷേപത്തില്‍ 3.37 ശതമാനവും കറന്റ് അക്കൗണ്ട് നിക്ഷേപത്തില്‍ 7.73 ശതമാനവുമാണ് വര്‍ധന. വായ്പാവിതരണത്തില്‍ 11.95 ശതമാനം വളര്‍ച്ച കൈവരിച്ചതായും സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി.ആര്. ശേഷാദ്രി പറഞ്ഞു.