ആൻഡ്രോയ്ഡിനും ഐഫോണിനും രണ്ടു നിരക്ക്: ഒലയ്ക്കും യൂബറിനും നോട്ടീസ്
Friday, January 24, 2025 2:42 AM IST
ന്യൂഡൽഹി: ഒരേ സേവനത്തിനു ഐഫോണ്‍, ആൻഡ്രോയ്ഡ് ഉപയോക്താക്കളിൽ നിന്ന് രണ്ടു നിരക്കുകൾ ഈടാക്കുന്നുവെന്നാരോപിച്ച് പ്രമുഖ ഓണ്‍ലൈൻ ടാക്സി സേവന ദാതാക്കളായ ഒലയ്ക്കും യൂബറിനും ഉപഭോക്തൃകാര്യ വകുപ്പ് നോട്ടീസയച്ചു.
കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി (സിസിപിഎ) വഴിയാണ് നോട്ടീസ് അയച്ചതെന്ന് ഉപഭോക്തൃകാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
കന്പനികളോട് അവരുടെ തുക നിശ്ചയിക്കുന്ന രീതികളെക്കുറിച്ച് വിശദീകരിക്കാനും വിവേചനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് മന്ത്രാലയം ഇടപെട്ടത്.