റബര്‍ ബോര്‍ഡിന് ചെയര്‍മാനില്ല, യോഗങ്ങളുമില്ല
Friday, January 24, 2025 2:43 AM IST
കോട്ടയം: റബര്‍ ബോര്‍ഡ് ചുമതലയില്‍നിന്ന് സാവര്‍ ധനാനിയ വിരമിച്ച് നാലു മാസം പിന്നിടുമ്പോഴും പുതിയ ചെയര്മാൻ നിയമനമായില്ല.
റബര്‍ കൃഷിയുമായി കാര്യമായ ബന്ധമില്ലാത്ത ബംഗാളി വ്യവസായി സാവര്‍ ധനാനിയ മൂന്നു വര്‍ഷം ബോര്‍ഡ് ചെയര്‍മാനായിരിക്കെ കര്‍ഷകര്‍ക്ക് കാര്യമായ നേട്ടങ്ങളൊന്നും ലഭിച്ചില്ല. കോല്‍ക്കത്തയില്‍നിന്ന് ഇടവേളകളില്‍ മാത്രമാണ് ഇദ്ദേഹം കോട്ടയത്ത് എത്തിയിരുന്നത്. ധനാനിയ വിരമിച്ചശേഷം റബര്‍ ബോര്‍ഡ് യോഗം ഒരിക്കല്‍പോലും ചേര്‍ന്നിട്ടുമില്ല. നിയമപ്രകാരം ബോര്‍ഡ് യോഗം വിളിച്ചുകൂട്ടാന്‍ ചെയര്‍മാനാണ് അധികാരമുള്ളത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 25 പേര് ബോര്‍ഡില്‍ അംഗങ്ങളാണെങ്കിലും ഇവര്‍ക്ക് കാര്യമായ ചുമതലകളോ അധികാരമോ പദവികളോ ഇല്ല. നിലവില്‍ ഒരു നിര ഉദ്യോഗസ്ഥര്‍ അവരുടെയും വ്യവസായികളുടെയും താത്പര്യത്തില്‍ നയപരമായ തീരുമാനങ്ങളെടുത്തു വരുന്നതായാണ് വിമര്‍ശനം.
മാസാടിസ്ഥാനത്തിലുള്ള റബര്‍ കയറ്റുമതി, ഇറക്കുമതി, ഉപയോഗ കണക്കുകള്‍ മുന്‍പ് വെബ്സൈറ്റിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. നിലവില്‍ ഒന്നര വര്‍ഷമായി കണക്കുകള്‍ പുറത്തുവിടുന്നില്ല. വ്യവസായികളുടെ താത്പര്യത്തിലും നിര്‍ദേശത്തിലും റബര്‍ വില പ്രഖ്യാപിക്കുന്നതില്‍ കര്‍ഷകര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്.
ചെയര്‍മാനില്ലാത്തതിനാല്‍ ആര്‍ക്കും ബോര്‍ഡില്‍ നിയന്ത്രണമില്ലാത്ത സാഹചര്യമാണ്.
റബര്‍ ബോര്‍ഡിനെ കോഫി ബോര്‍ഡുമായി ലയിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്. മാര്‍ച്ചില്‍ നൂറോളം ഉദ്യോഗസ്ഥര്‍ റബര്‍ ബോര്‍ഡില്‍ നിന്ന് വിരമിക്കുകയാണ്. ഫീല്‍ഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 300 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴും പുതിയ നിയമനങ്ങള്‍ വേണ്ടെന്നാണ് കേന്ദ്രനിലപാട്.