കാനഡയിൽ വീണ്ടും കാർണി
Wednesday, April 30, 2025 12:52 AM IST
ടൊറോന്റോ: കനേഡിയൻ പൊതു തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർട്ടിക്ക് ഉജ്വല വിജയം.
കാനഡയെ യുഎസിന്റെ 51-ാം സംസ്ഥാനമാക്കുമെന്നു ഡോണൾഡ് ട്രംപിന്റെ ഭീഷണിയും തീരുവയുദ്ധവും ലിബറൽ പാർട്ടിക്ക് അനുകൂലമായി ജനം വോട്ട് ചെയ്യാൻ കാരണമായി. ട്രംപ് വിരുദ്ധ വികാരം ആളിക്കത്തിക്കാൻ കാർണിക്കായി. ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിനു പിന്നാലെ മാർച്ചിലാണ് മാർക്ക് കാർണി കനേഡിയൻ പ്രധാനമന്ത്രിയായത്. കാർണി പ്രധാനമന്ത്രിസ്ഥാനത്തു തുടരും.
കാർണിയുടെ എതിരാളിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ പിയർ പൊയ്ലിയേവർ ഒട്ടാവ ജില്ലയിലെ സീറ്റിൽ പരാജയപ്പെട്ടു. കാനഡയുടെ ഭരണം കൺസർവേറ്റീവുകൾ പിടിക്കുമെന്നായിരുന്നു ഏതാനും നാൾ മുന്പുവരെയുണ്ടായിരുന്ന സ്ഥിതി. ഡോണൾഡ് ട്രംപുമായുള്ള സാമ്യം പൊയ്ലിയേവർക്കു തിരിച്ചടിയായി.
തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം അമേരിക്കയ്ക്കെതിരേ മാർക്ക് കാർണി ആഞ്ഞടിച്ചു. “നമ്മുടെ ഭൂമി, നമ്മുടെ ജലം, നമ്മുടെ രാജ്യം, നമ്മുടെ സന്പത്ത് എല്ലാം തട്ടിയെടുക്കാൻ അമേരിക്ക ആഗ്രഹിച്ചു. അതു വെറുതെയുള്ള ഭീഷണിയല്ലായിരുന്നു. നമ്മുടെ രാജ്യത്തെ സ്വന്തമാക്കാൻ പ്രസിഡന്റ് ട്രംപ് ശ്രമിച്ചു. അതൊരിക്കലും സംഭവിക്കാൻ പോകുന്നില്ല”-കാർണി പറഞ്ഞു.
343 സീറ്റാണ് പാർലമെന്റിലുള്ളത്. കേവല ഭൂരിപക്ഷത്തിനുവേണ്ടത് 172 പേരുടെ പിന്തുണയാണ്. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി 168 സീറ്റുകളിൽ വിജയിക്കുകയോ ലീഡ് നേടുകയോ ചെയ്തിട്ടുണ്ട്.
കൺസർവേറ്റീവുകൾ 144 സീറ്റ് നേടി. ബ്ലോക്ക് ക്യൂബെക്വാസ് 23ഉം എൻഡിപി ഏഴും ഗ്രീൻ പാർട്ടി ഒന്നും സീറ്റ് നേടി. 2021ലെ തെരഞ്ഞെടുപ്പിനേക്കാൾ ലിബറലിന് 10.9 ശതമാനം വോട്ടും കൺസർവേറ്റീവിന് 7.7 ശതമാനം വോട്ടും വർധിച്ചു. എൻഡിപിക്ക് 11.6 ശതമാനം വോട്ട് കുറഞ്ഞു.
കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ചെറു പാർട്ടികളുടെ പിന്തുണയോടെ ലിബറൽ പാർട്ടി സർക്കാർ രൂപവത്കരിക്കും. ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയോടെയായിരുന്നു ജസ്റ്റിൻ ട്രൂഡോ നാലു വർഷം ഭരണം നടത്തിയത്. കഴിഞ്ഞ തവണ 24 സീറ്റുണ്ടായിരുന്ന എൻഡിപി ഏഴിലേക്കു ചുരുങ്ങി. ജഗ്മീത് സിംഗും പരാജയപ്പെട്ടു.
ഖലിസ്ഥാൻവാദി ജഗ്മീത് സിംഗിന്റെ പാർട്ടിക്കു വൻ തിരിച്ചടി
ടൊറോന്റോ: കാനഡയിലെ ഖലിസ്ഥാൻവാദി നേതാവ് ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്ക് (എൻഡിപി) തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി. ബ്രിട്ടീഷ് കൊളംബിയയിലെ ബേണബി സെൻട്രൽ സീറഅറിൽ ജഗ്മീത് സിംഗ് പരാജയപ്പെട്ടു.
ഏഴു സീറ്റുകളിൽ മാത്രമാണ് എൻഡിപിക്ക് വിജയിക്കാനായത്. മുൻ തെരഞ്ഞെടുപ്പിൽ പാർട്ടി 24 സീറ്റിൽ വിജയിച്ചിരുന്നു. രണ്ടു ശതമാനം മാത്രം വോട്ട് ലഭിച്ച എൻഡിപിക്ക് ദേശീയ പാർട്ടി പദവി നഷ്ടമാകും. അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് ജഗ്മീത് അറിയിച്ചു.
എട്ടു വർഷമായി ഇദ്ദേഹമാണ് എൻഡിപിയെ നയിക്കുന്നത്. ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ ഭാഗമായിരുന്നു എൻഡിപി.