ബംഗ്ലാദേശിൽ ഇസ്ലാമിക സംഘടന ഗ്രന്ഥശാല കൊള്ളയടിച്ചു
Wednesday, April 30, 2025 12:52 AM IST
ധാക്ക: ബംഗ്ലാദേശിലെ റ്റംഗയിൽ ജില്ലയിലുള്ള ഗ്രന്ഥശാല ഇസ്ലാമിക സംഘടനയുടെ പ്രവർത്തകർ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
ഖിലാഫത് മജിലിസ് എന്ന സംഘടനയാണ് അതിക്രമത്തിന് പിന്നിൽ. നിരീശ്വരവാദികൾ എഴുതിയ പുസ്തകങ്ങൾ നീക്കം ചെയ്യാനെന്ന പേരിൽ രവീന്ദ്രനാഥ ടാഗോർ, കാസി നസറുൾ ഇസ്ലാം, സഫർ ഇഖ്ബാൽ, ഹുമയുൺ ആസാദ് എന്നിവരുടെ 400ലധികം പുസ്തകങ്ങൾ ഇവർ മോഷ്ടിച്ചെന്ന് ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റ്റംഗയിലെ ധൻബാരി പട്ടണത്തിൽ നിരീശ്വരവാദികൾക്കു സ്ഥാനമില്ലെന്നും ഇത് അവസാന വാക്കാണെന്നും സംഘടനാ തലവൻ റിഷാദ് അമിൻ പറഞ്ഞു.
ഡിറ്റക്റ്റീവ് പോലീസിന്റെ സാന്നിധ്യത്തിലാണ് മോഷണം നടന്നത്. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ തീവ്ര ഇസ്ലാമിസ്റ്റുകളെ പ്രോൽസാഹിപ്പിക്കുകയാണെന്ന് നേരത്തേ ആരോപണങ്ങളുയർന്നിരുന്നു.