കാനഡയില്‍ ഇന്ത്യന്‍ വിദ്യാർഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി, ദുരൂഹത
Wednesday, April 30, 2025 12:52 AM IST
ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാർഥിനിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി പ്രാദേശിക നേതാവായ ദാവീന്ദര്‍ സൈനിയുടെ മകളും കാനഡയില്‍ കോളജ് വിദ്യാര്‍ഥിനിയുമായ വംശിക സൈനി (21) യെയാണ് ഒട്ടാവയിലെ ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വിദ്യാര്‍ഥിനിയുടെ മരണം കാനഡയിലെ ഇന്ത്യന്‍ എംബസിയും ഇന്നലെ സ്ഥിരീകരിച്ചു. വിഷയത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ ഇടപെടുന്നുണ്ടെന്നും മരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണെന്നും എംബസി അറിയിച്ചു.
വെള്ളിയാഴ്ച രാത്രി എട്ടോടെയാണു വംശിക താമസസ്ഥലത്തുനിന്ന് മറ്റൊരു വാടകവീട് നോക്കാനായി പുറത്തേക്കുപോയത്. എന്നാല്‍, രാത്രി 11.30 മുതല്‍ വംശികയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി. പിന്നീട് വംശികയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. പിറ്റേദിവസം കോളജില്‍ പരീക്ഷയ്ക്കും ഹാജരായില്ല. തുടര്‍ന്ന് തെരച്ചില്‍ തുടരുന്നതിനിടെയാണ് ബീച്ചില്‍നിന്നു മൃതദേഹം കണ്ടെത്തിയത്.
വംശിക എല്ലാദിവസവും രാവിലെ കുടുംബത്തെയും സുഹൃത്തുക്കളെയും ഫോണില്‍ വിളിക്കാറുണ്ടായിരുന്നുവെന്നും വെള്ളിയാഴ്ച രാവിലെയാണു മകള്‍ അവസാനമായി വിളിച്ചതെന്നും പിതാവ് ദാവീന്ദര്‍ സൈനി പ്രതികരിച്ചു. സാധാരണപോലെയാണു മകള്‍ സംസാരിച്ചതെന്നും സംഭാഷണത്തില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വംശികയുടെ മരണകാരണം സംബന്ധിച്ച് പോലീസ് ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല. വിദ്യാര്‍ഥിനിയുടെ മൊബൈല്‍ഫോണും പോലീസിന് ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നായിരുന്നു പോലീസിന്റെ പ്രതികരണം.