യുഎസ്-ചൈന വ്യാപാരയുദ്ധം മുറുകി
Saturday, April 12, 2025 2:25 AM IST
ബെയ്ജിംഗ്: യുഎസ് ഉത്പന്നങ്ങൾക്കുമേൽ 125 ശതമാനം തീരുവ ചുമത്തുമെന്നു പ്രഖ്യാപിച്ച് ചൈന.
ഇന്ന് പുതിയ തീരുവ നിലവിൽവരും. ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിനു പിന്നാലെ യുഎസ് ഉത്പന്നങ്ങൾക്കുമേൽ ചൈന ചുമത്തിയിരുന്ന 84 ശതമാനത്തിൽനിന്നാണു കുത്തനെയുള്ള ഈ വർധന. നിലവിൽ ചൈനയിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 145 ശതമാനമാണ് തീരുവയെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.
ചൈനീസ് ഉത്പന്നങ്ങൾക്കു മുൻകൂട്ടി നിശ്ചയിച്ച തീരുവ 105 ശതമാനത്തിൽനിന്ന് 125 ശതമാനമായി ഉയർത്തിയതായി ട്രംപ് കഴിഞ്ഞ ദിവസമാണു പ്രഖ്യാപിച്ചത്. എന്നാൽ നിലവിൽ അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതിക്കും മുന്‍പു തീരുമാനിച്ച 20 ശതമാനംകൂടി ബാധകമാണെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങൾക്കുമേൽ ചുമത്തിയ അധികതീരുവ അമേരിക്ക മരവിപ്പിച്ചിട്ടുണ്ട്. ചൈനയ്ക്കു മേൽ മാത്രമാണു തീരുവ വർധന. അതേസമയം, തീരുവ വിഷയത്തിൽ യുഎസുമായി ചർച്ചയ്ക്കു തയാറാണെന്നു ചൈന അറിയിച്ചിട്ടുണ്ട്.
ചൈനയ്ക്കുമേൽ യുഎസ് ചുമത്തുന്ന അസാധാരണമായ ഉയർന്ന തീരുവ, അന്താരാഷ്ട്ര വ്യാപാരനിയമങ്ങളുടെയും അടിസ്ഥാന സാന്പത്തിക ചട്ടങ്ങളുടെയും സാമാന്യ യുക്തിയുടെയും ലംഘനമാണെന്നു ചൈനയുടെ സ്റ്റേറ്റ് കൗണ്‍സിൽ താരിഫ് കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. യുഎസിന്റെ തീരുവ വർധനയ്ക്കെതിരേ ചൈന ലോക വ്യാപാര സംഘടനയെ സമീപിച്ചിട്ടുണ്ട്.
അമേരിക്കൻ നയത്തിനെതിരേ തങ്ങൾക്കൊപ്പം ചേരാൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിംഗ് യൂറോപ്യൻ യൂണിയന്റെ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു തീരുവ ഉയർത്തിക്കൊണ്ടുള്ള ചൈനയുടെ നീക്കം.