ഗാസയിൽ വെടിനിർത്തി; മൂന്ന് ബന്ദികളെ മോചിപ്പിച്ചു
Monday, January 20, 2025 1:27 AM IST
ജറൂസലെം: അവസാന മിനിറ്റിലെ അനിശ്ചിതത്വവും ഒഴിവായതോടെ ഗാസയിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായി. ഇന്നലെ മൂന്ന് ഇസ്രേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഇതോടെ 15 മാസം നീണ്ട ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് താത്കാലികമായെങ്കിലും വിരാമമായി.
എമിലി ദമാരി (28), ദൊറോൺ സ്റ്റെയിൻ ബ്രീച്ചർ (31), റോമി ഗോനെൻ (24) എന്നീ ഇസ്രേലി വനിതകളെയാണു ഹമാസ് ഇന്നലെ കസ്റ്റഡിയിൽനിന്നു മോചിപ്പിച്ചത്. വെസ്റ്റേൺ ഗാസ സിറ്റിയിലെ അൽ-റിമാറിൽവച്ച് ഇവരെ റെഡ് ക്രോസിനാണു കൈമാറിയത്. റെഡ്ക്രോസ് ഇവരെ ഇസ്രേലി സൈന്യത്തിനു കൈമാറി. പിന്നീട് മൂവരെയും ഹെലികോപ്റ്ററിൽ ഇസ്രയേലിലെത്തിച്ചു. ബന്ദികളെ വിട്ടയച്ചതിനു പകരം ഇസ്രയേൽ ജയിലുകളിലുള്ള 90 പലസ്തീൻതടവുകാരെ മോചിപ്പിച്ചു. ഇവരിൽ 69 പേർ സ്ത്രീകളാണ്. ഒരു പതിനഞ്ചുകാരനും മോചിപ്പിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. വെടിനിർത്തൽ കരാറിന്റെ ഒന്നാം ഘട്ടത്തിൽ 33 ബന്ദികളെയാണ് ഹമാസ് വിട്ടയയ്ക്കുക.
വെടിനിർത്തൽ പ്രാബല്യത്തിലായതോടെ ഗാസയിൽ ജനങ്ങൾ ആഘോഷം നടത്തി. ചിലയിടത്തെ ആഘോഷങ്ങളിൽ തോക്കേന്തിയ ഭീകരരും പങ്കാളികളായി. സ്വന്തം പ്രദേശത്തുനിന്നു പലായനം ചെയ്ത് തെക്കൻഭാഗങ്ങളിലെത്തിയ നൂറുകണക്കിനു പലസ്തീനികൾ വീടുകളിലേക്കു മടങ്ങിത്തുടങ്ങി. ചിലർ തങ്ങളുടെ വസ്തുവകകൾ കഴുതവണ്ടിയിൽ കയറ്റി കാൽനടയായാണു യാത്രയായത്.
മോചിപ്പിക്കുന്ന ബന്ദികളുടെ പേരുവിവരങ്ങൾ ഹമാസ് പുറത്തുവിടാഞ്ഞതിനെത്തുടർന്നാണു വെടിനിർത്തലിനു കാലതാമസമുണ്ടായത്. ഇന്നലെ ഇസ്രയേൽ സമയം 8.30നു വെടിനിർത്തൽ പ്രാബല്യത്തിലാകേണ്ടതായിരുന്നു. എന്നാൽ, ഹമാസ് ബന്ദികളുടെ വിവരങ്ങൾ നല്കാത്തതുമൂലം രണ്ടേമുക്കാൽ മണിക്കൂർ വൈകി 11.15നാണ് വെടിനിർത്തലുണ്ടായത്. ഇതിനിടെ, ഇസ്രേലി സേന ഗാസയിൽ നടത്തിയ ആക്രമണത്തിൽ 26 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇവർ സാധാരണക്കാരാണോ ഭീകരരാണോ എന്നു സ്ഥിരീകരണമുണ്ടായിട്ടില്ല. സാങ്കേതികപ്രശ്നംമൂലമാണു ബന്ദികളുടെ വിവരങ്ങൾ നല്കാൻ വൈകിയതെന്ന് ഹമാസ് അറിയിച്ചു.
ഇസ്രേലി സൈനികർ ഗാസയ്ക്കുള്ളിലെ ബഫർ സോണിലേക്കു മാറി. സൈന്യത്തിന്റെ സമീപത്തേക്കു വരരുതെന്ന് ജനങ്ങൾക്കു മുന്നറിയിപ്പുണ്ട്.
2023 ഒക്ടോബർ ഏഴിന് ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചശേഷം രണ്ടാം തവണയാണു വെടിനിർത്തലുണ്ടാകുന്നത്. 2023 നവംബറിൽ ഒരാഴ്ച വെടിനിർത്തൽ പ്രാബല്യത്തിലായിരുന്നു. നൂറിലേറെ ബന്ദികളെ അന്ന് ഹമാസ് വിട്ടയച്ചിരുന്നു. പകരം നൂറുകണക്കിനു പലസ്തീൻ തടവുകാരെ മോചിപ്പിച്ചു.
ശനിയാഴ്ച ചേർന്ന ഇസ്രയേലിന്റെ പൂർണ മന്ത്രിസഭാ യോഗമാണ് വെടിനിർത്തൽ കരാറിന് അനുമതി നല്കിയത്. അതേസമയം, ബെഞ്ചമിൻ നെതന്യാഹു സർക്കാരിനെ പിന്തുണയ്ക്കുന്ന തീവ്ര വലതുപക്ഷം വെടിനിർത്തൽ കരാറിനെ ശക്തമായി എതിർക്കുന്നു. ഹമാസുമായി യുദ്ധം തുടരണമെന്നു വാദിക്കുന്ന ജൂയിഷ് പവർ പാർട്ടി നെതന്യാഹു സർക്കാരിനൊപ്പമുണ്ടാകില്ലെന്ന് ഇന്നലെ പ്രഖ്യാപിച്ചു. ജൂയിഷ് പവർ പാർട്ടി നേതാവും ദേശീയ സുരക്ഷാ വകുപ്പ് മന്ത്രിയുമായ ഇത്മാർ ബെൻ ഗവീർ, കാബിനറ്റ് മന്ത്രിമാരായ യിറ്റ്സാക് വാസർലൂഫ്, അമിച്ചായി ഏലിയാഹു എന്നിവർ രാജിവയ്ക്കുകയും ചെയ്തു. അതേസമയം, സർക്കാരിനെ വീഴ്ത്താനില്ലെന്ന് ബെൻ ഗവീർ പറഞ്ഞു.
മോചിതരായവർ
എമിലി ദമാരി, ദൊറോൺ സ്റ്റെയിൻ ബ്രീച്ചർ, റോമി ഗോനെൻ എന്നീ ഇസ്രേലി വനിതകളെയാണുഹമാസ് ഇന്നലെ കസ്റ്റഡിയിൽനിന്നു മോചിപ്പിച്ചത്.
എമിലിക്കു ബ്രിട്ടീഷ് പൗരത്വംകൂടിയുണ്ട്. ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിനിടെ ഹമാസ് ഭീകരർ എമിലിയെയും ദോറൊണിനെയും തെക്കൻ ഇസ്രയേലിലെ കിബ്ബുട്സ് കഫൽ അസായിൽനിന്നാണു തട്ടിക്കൊണ്ടുപോയത്. ഭീകരരുടെ വെടിയേറ്റ് എമിലിക്കു പരിക്കേറ്റിരുന്നു. ഭീകരാക്രമണത്തിനിടെ കഫർ അസായിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു. നോവാ സംഗീതോത്സവത്തിൽ പങ്കെടുക്കുന്നതിനിടെയാണ് റോമി ഗോനെൻ ഭീകരരുടെ പിടിയിലായത്.