എസ്ഡിപിഐ ഓഫീസുകളിൽ ഇഡി റെയ്ഡ്
Friday, March 7, 2025 2:29 AM IST
ന്യൂഡൽഹി: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) യുടെ രാജ്യത്തെ ഓഫീസുകളിൽ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സംഘടനയുടെ ദേശീയ അധ്യക്ഷൻ എം.കെ. ഫൈസിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഡൽഹിയിലെ ദേശീയ ആസ്ഥാനത്തടക്കം പത്തു സംസ്ഥാനങ്ങളിലെ 12 ഓഫീസുകളിൽ ഇഡി ഇന്നലെ റെയ്ഡ് നടത്തിയത്.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) രാഷ്ട്രീയവിഭാഗമാണ് എസ്ഡിപിഐയെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി എസ്ഡിപിഐക്ക് പിഎഫ് ഐ പണം നൽകുന്നുണ്ടെന്നും ഇഡി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്.
ഡൽഹിയിലെ രണ്ട് ഓഫീസുകൾ, കേരളത്തിൽ തിരുവനന്തപുരം, മലപ്പുറം, കർണാടകയിൽ ബംഗളൂരു, ആന്ധ്രയിൽ നന്ദ്യാൽ, മഹാരാഷ്ട്രയിൽ താനെ, തമിഴ്നാട്ടിൽ ചെന്നൈ, ജാർഖണ്ഡിൽ പാകുർ, ബംഗാളിൽ കോൽക്കത്ത, ഉത്തർപ്രദേശിൽ ലക്നോ, രാജസ്ഥാനിൽ ജയ്പുർ എന്നിവിടങ്ങളിലായിരുന്നു ഇഡി റെയ്ഡ്.
സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ ലോക്കല്‍ പോലീസിനെ അറിയിക്കാതെ ടാക്സി കാറുകളിലാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. രാവിലെ 9.30നാണ് റെയ്ഡ് ആരംഭിച്ചത്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 2022ലാണ് കേന്ദ്രസർക്കാർ പിഎഫ്ഐയെ നിരോധിച്ചത്. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നും പിഎഫ്ഐ ഹവാലയിലൂടെയും ബാങ്കിംഗിലൂടെയും പണം ശേഖരിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തുന്നുവെന്നായിരുന്നു അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പിഎഫ്ഐ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് എസ്ഡിപിഐ അവരിൽനിന്നു പണം സ്വീകരിച്ചതെന്ന് ഇഡി ആരോപിക്കുന്നു.
ദൈനംദിന പ്രവർത്തനങ്ങൾ, നയരൂപീകരണം, തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ തെരഞ്ഞെടുക്കൽ, പൊതുപരിപാടികൾ, മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി എസ്ഡിപിഐ പിഎഫ്ഐയെ ആശ്രയിച്ചിരുന്നുവെന്നും എസ്ഡിപിഐയുടെ പ്രവർത്തനങ്ങളെ പിഎഫ്ഐ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ഫണ്ട് ചെയ്യുകയും ചെയ്തിരുന്നുവെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം പാളയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലും മലപ്പുറത്തും റെയ്ഡ് നടക്കുന്പോൾ പ്രതിഷേധവുമായി എസ്ഡിപിഐ പ്രവര്‍ത്തകർ രംഗത്തെത്തി. സിആർപിഎഫ് ഉദ്യോഗസ്ഥരും പോലീസും ഇഡി ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കി.