തുരങ്കദുരന്തം: സൈന്യം രംഗത്ത്
Thursday, March 6, 2025 2:52 AM IST
ഹൈദരാബാദ്: തെലുങ്കാനയിലെ നാഗർകർണൂലിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് കരസേന.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്ന ഒന്നിലധികം ഏജൻസികളെ ഏകോപിപ്പിച്ച് തെരച്ചിൽ സുഗമമാക്കുന്നതിന് ദുരന്തമുഖത്ത് എൻജിനിയറിംഗ് ടാസ്ക് ഫോഴ്സിനെ (ഇടിഎഫ്) നിയോഗിച്ചു.
ടണലിനുള്ളിലെ വെള്ളവും ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കംചെയ്യുന്നതിനും കൺവെയർ ബെൽറ്റുകൾ സ്ഥാപിക്കുന്നതിനും ഇടിഎഫ് സഹായിക്കുന്നു.
ടണലിൽ കുടുങ്ങിയ ടണൽ ബോറിംഗ് മെഷീൻ (ടിബിഎം) മറിച്ചുമാറ്റുന്നതിനും ഇടിഎഫ് രക്ഷാപ്രവർത്തകരുമായി ചേർന്ന് പ്രവർത്തിക്കുന്നു. നിർണായക ജോലികൾക്കായി സൈന്യം രണ്ട് എസ്കവേറ്ററുകൾ വിന്യസിച്ചിട്ടുണ്ട്. 12 ദിവസം പിന്നിട്ടിട്ടും ടണലിൽ കുടുങ്ങിയ എട്ട് പേരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.