ഭിന്നതയും വാശിയും വിടാതെ മെയ്തെയ്കളും കുക്കികളും
Friday, March 7, 2025 2:29 AM IST
ഇംഫാൽ: മെയ്തെയ്കൾക്കു വലിയ ഭൂരിപക്ഷമുള്ള മണിപ്പുർ സർക്കാരിനു കീഴിൽ സുരക്ഷയോടും സമാധാനത്തോടും കൂടി കുക്കികൾക്കു കഴിയാനാകില്ലെന്ന് ഗോത്രസംഘടനകളുടെ നേതാക്കളും കുക്കി എംഎൽഎമാരും പറഞ്ഞു.
ഇന്ത്യയോട് പൂർണ കൂറു പുലർത്തുന്നവരാണെന്നും വീണ്ടുമൊരു കലാപം ഉണ്ടാകാതിരിക്കാനാണു പ്രത്യേക ഭരണ സംവിധാനമോ കേന്ദ്രഭരണപ്രദേശമോ മലയോര മേഖലകൾക്കായി ആദിവാസികൾ ആവശ്യപ്പെടുന്നതെന്നും കുക്കികൾ വ്യക്തമാക്കി.
എന്നാൽ, മണിപ്പുരിനെ വെട്ടിമുറിക്കാനും സമാധാനപ്രക്രിയയെ അട്ടിമറിക്കാനും അനുരഞ്ജനം തടയാനുമുള്ള ശ്രമമാണു ഗോത്രസംഘടനകൾ നടത്തുന്നതെന്ന് കോ-ഓർഡിനേഷൻ കമ്മിറ്റി ഓണ്‍ മണിപ്പുർ ഇന്റഗ്രിറ്റിയും (കൊക്കോമി) മെയ്തെയ് ഹെറിറ്റേജ് സൊസൈറ്റിയും (എംഎച്ച്എസ്) ആരോപിച്ചു.
മണിപ്പുരിനെ വിഭജിക്കാനുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള അജൻഡയുടെ ഭാഗമാണു പ്രത്യേക ഭരണപ്രദേശമെന്ന ആവശ്യമെന്ന് മെയ്തെയ് സംഘടനകൾ പ്രസ്താവനയിൽ പറഞ്ഞു.
മെയ്തെയ് ആധിപത്യമുള്ള ഇംഫാൽ താഴ്വരയിലേക്കു സ്വതന്ത്രമായി പ്രവേശിക്കാൻ കുക്കികൾക്കും, മലയോര ജില്ലകളിലേക്കു തിരിച്ച് പ്രവേശിക്കാൻ മെയ്തെയ്കൾക്കും ഇപ്പോഴും കഴിയുന്നില്ല. അക്രമഭീതിയാണു കാരണം.
തങ്ങളുടെ മേഖലകളിലേക്ക് എതിർവിഭാഗക്കാർ കടന്നാൽ കൊല്ലുമെന്ന് ഇരുവിഭാഗത്തിലെയും തീവ്രഗ്രൂപ്പുകളുടെ ഭീഷണിയുണ്ട്. രണ്ടു വർഷത്തോളമായി അവശ്യകാര്യങ്ങൾക്കായി പോലും തലസ്ഥാനമായ ഇംഫാലിലേക്കു പോകാൻ കുക്കികൾക്ക് സാധിക്കുന്നില്ല.
പ്രധാന സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ, ആരോഗ്യസ്ഥാപനങ്ങളും കേന്ദ്രസർക്കാർ ഓഫീസുകളും വിമാനത്താവളവും ഇംഫാൽ താഴ്വാരയിലാണ്. മെയ്തെയ്കൾക്കു തിരികെ മലയോര മേഖലകളിലേക്കു വിലക്കുണ്ടെങ്കിലും കുക്കി ആധിപത്യമേഖലകളിൽ അത്തരം ആവശ്യങ്ങളില്ല.