കുത്തക ടയർ കന്പനികളുടെ ചൂഷണ കേസ്; കക്ഷിചേരാൻ കർഷകർക്ക് സുപ്രീംകോടതി അനുമതി
Wednesday, March 5, 2025 2:52 AM IST
ന്യൂഡൽഹി: റബർ വില ഇടിക്കുന്നതിനായി കുത്തക ടയർ കന്പനികൾ ഒത്തുകളിച്ചതിന് കോന്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ചുമത്തിയ പിഴയ്ക്കെതിരേ ടയർ കന്പനികൾ നൽകിയ ഹർജിയിൽ കക്ഷി ചേരാൻ കർഷകർക്കും കേരള കർഷക സംഘത്തിനും സുപ്രീംകോടതി അനുമതി.
എംആർഎഫ്, അപ്പോളോ, സിയറ്റ്, ബിർള, ജെകെ ടയേഴ്സ് എന്നിവരുടെ നേതൃത്വത്തിലുള്ള ടയർ കാർട്ടൽ നടത്തുന്ന കർഷക ചൂഷണത്തിനെതിരേയുള്ള പോരാട്ടത്തിന് സുപ്രീംകോടതി നിർദേശം ശക്തി പകരുമെന്ന് അഖിലേന്ത്യാ കിസാൻസഭ ചൂണ്ടിക്കാട്ടി.
ടയർ വ്യവസായത്തിലെ കാർട്ടലൈസേഷനും വില കൃത്രിമത്വവും ആരോപിച്ച് പിഴ ചുമത്തിയ കന്പനികളിലൊന്നായ എംആർഎഫ് ലിമിറ്റഡ് സമർപ്പിച്ച അപ്പീലിൽ സുപ്രീംകോടതി കോന്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയോട് (സിസിഐ) പ്രതികരണം തേടി. ഒരു ദശാബ്ദത്തിലേറെ മുന്പ് ആരംഭിച്ച കേസിൽ, 2018 ഓഗസ്റ്റിലാണു പ്രധാന ടയർ കന്പനികൾക്ക് സിസിഐ പിഴ ചുമത്തിയത്.
എന്നാൽ, നാഷണൽ കന്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ 2022 ഡിസംബറിൽ ഉത്തരവ് റദ്ദാക്കി. പിശകുകൾ ചൂണ്ടിക്കാട്ടി പുതിയ ഉത്തരവ് പുറപ്പെടുവിക്കാൻ സിസിഐയോടു നിർദേശിക്കുകയും ചെയ്തു. വിപണിയിലെ മൽസരം ഒഴിവാക്കാൻ കുത്തക കന്പനികളുടെ നീക്കങ്ങൾ നിയന്ത്രിക്കുന്നതിനു കേന്ദ്രസർക്കാർ രൂപം നൽകിയതാണു കോന്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ.
സ്വാഭാവിക റബർ വിലയിടിച്ച് കൊള്ളലാഭം നേടാനും കർഷകരെ ചൂഷണം ചെയ്യാനും വൻകിട സ്വകാര്യ ടയർ കന്പനികൾ ഒത്തുകളിച്ചതായി കണ്ടെത്തി 2018ലാണ് ദേശീയ കോന്പറ്റീഷൻ കമ്മീഷൻ (സിസിഐ) 1,788 കോടി രൂപ പിഴയിട്ടത്.
എംആർഎഫിന് 622.09 കോടിയും അപ്പോളോ ടയേഴ്സിന് 425.53 കോടിയും ജെകെ ടയറിന് 309.95 കോടിയും സിയറ്റ് കന്പനിക്ക് 252.16 കോടിയും ബിർല ടയേഴ്സിന് 178.33 കോടിയുമായിരുന്നു പിഴ. ടയർ ഉത്പാദക കന്പനികളുടെ അസോസിയേഷനായ എടിഎംഎക്കും 8.4 കോടി രൂപ സിസിഐ പിഴ ചുമത്തി.
കർഷകർ വീണ്ടും വഞ്ചിതരായി
ടയർ കന്പനികൾക്കു തന്ത്രപ്രധാന വിവരങ്ങൾ അസോസിയേഷൻ നേരിട്ടു കൈമാറിയാണു റബർ വിലയിടിച്ചു കർഷകരെ ചൂഷണം ചെയ്തതെന്നു സിസിഐ കണ്ടെത്തിയിരുന്നു. എന്നാൽ ഇതിനെതിരേ ദേശീയ കന്പനി നിയമ അപ്പലേറ്റ് ട്രൈബൂണലിൽനിന്നു വൻകിട ടയർ കന്പനികൾ ഉത്തരവു നേടിയതോടെ കർഷകർ വീണ്ടും വഞ്ചിതരായി. ആഭ്യന്തര ടയർ കന്പനികളെ സംരക്ഷിക്കേണ്ടതുണ്ടെന്നും സിസിഐയുടെ കണക്കു കളിൽ പിഴവുണ്ടെന്നും പറഞ്ഞായിരുന്നു ഈ അട്ടിമറി.
കുത്തക ടയർ നിർമാതാക്കളുടെ സമ്മർദത്തിനു വഴങ്ങിയാണു നടപടിയെന്നു കർഷകരും ടയർ വ്യാപാരികളിൽ ചിലരും അന്നു ചൂണ്ടിക്കാട്ടിയിരുന്നു. ശതകോടികളുടെ ലാഭമുണ്ടാക്കുന്ന ടയർ വ്യവസായികൾ ഫലത്തിൽ പിഴയൊടുക്കാതെ തലയൂരി.
കന്പനി നിയമ അപ്പലേറ്റ് ട്രൈബൂണലിന്റെ ഉത്തരവിനെതിരേ 2023 ഏപ്രിൽ കോന്പറ്റീഷൻ കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പിഴ റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്തില്ല. ഇതിനിടെ കോന്പറ്റീഷൻ കമ്മീഷൻ ഉത്തരവിനെ ചോദ്യം ചെയ്ത് എംആർഎഫ് കന്പനി ഇതേ വർഷം സുപ്രീംകോടതിയെ സമീപിച്ചു.
കേസിൽ സിസിഐക്കു നോട്ടീസ് നൽകാൻ ജസ്റ്റീസ് സഞ്ജീവ് ഖന്ന ഉത്തരവിട്ടു. ഒരു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനിടെയാണു കർഷക സംഘടനകളയെും കർഷകരെയും കൂടി കേസിൽ കക്ഷി ചേർക്കാൻ കഴിഞ്ഞ ദിവസം സുപ്രീംകോടതി അനുമതി നൽകിയത്.
കർഷകരുടെയും തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും താത്പര്യങ്ങൾക്ക് ഹാനികരമായ ടയർ കാർട്ടലിനെതിരായ നിയമ, രാഷ്ട്രീയ പോരാട്ടം ശക്തമായി തുടരുമെന്ന് എഐകെഎസ് ദേശീയ ജനറൽ സെക്രട്ടറി വിജു കൃഷ്ണനും പ്രസിഡന്റ് അശോക് ദവാലെയും അറിയിച്ചു.