ആദായനികുതി: ദീപിക റിപ്പോർട്ടിലെ ആശങ്ക പങ്കുവച്ച് എംപിമാർ
Friday, March 7, 2025 2:29 AM IST
ന്യൂഡൽഹി: വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതും ആദായനികുതി ഉദ്യോഗസ്ഥർക്ക് അമിതാധികാരങ്ങൾ നൽകുന്നതുമായ പുതിയ ആദായനികുതി നിയമത്തിലെ വിവാദ 247-ാം വകുപ്പിനെതിരേ പാർലമെന്ററി സമിതി യോഗത്തിൽ വിമർശനം. ഇതുസംബന്ധിച്ച ഇന്നലത്തെ ദീപിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എംപിമാർ വിമർശനമുന്നയിച്ചത്.
1961ലെ ആദായനികുതി നിയമവുമായി താരതമ്യം ചെയ്യുന്പോൾ പുതിയ നിയമത്തിൽ പരസ്പരവിരുദ്ധമായ 52 കാര്യങ്ങളുണ്ടെന്ന് ഇന്നലെ ഡൽഹിയിൽ നടന്ന പാർലമെന്റ് സെലക്ട് കമ്മിറ്റി യോഗത്തിൽ ഏണസ്റ്റ് ആൻഡ് യംഗിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാർ ചൂണ്ടിക്കാട്ടി.
ഇതേസമയം, പഴയ നിയമത്തിലെ ഭാഷയും നടപടികളും ലളിതമാക്കാനും അനാവശ്യ വ്യവഹാരങ്ങൾ ഒഴിവാക്കാനുമായി കൊണ്ടുവന്ന പുതിയ ബില്ലിലും വ്യവഹാരം കുറയ്ക്കാനാകില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് (ഐസിഎഐ) ഭാരവാഹികൾ പാർലമെന്ററി സമിതിയിൽ അഭിപ്രായപ്പെട്ടു.
രാജ്യത്താകെ 5.45 ലക്ഷത്തോളം ആദായനികുതി കേസുകളിലായി 20 ലക്ഷം കോടി രൂപയാണു തർക്കങ്ങളിലും വ്യവഹാരങ്ങളിലുമായി കിടക്കുന്നത്. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ വലിയൊരു ഭാഗമാണിത്. ഓഡിറ്റ് ചെയ്യുന്നതിൽ പ്രഫഷണലായ യോഗ്യതയും പരിചയവുമില്ലാത്തവരെ നിയമപരമായ ഓഡിറ്റിംഗിനായി നിയോഗിക്കുന്നത് ദൂഷ്യഫലങ്ങളുണ്ടാക്കുമെന്നും ചാർട്ടേഡ് അക്കൗണ്ടന്റുമാർ പറഞ്ഞു.
ഐസിഎഐ ദേശീയ പ്രസിഡന്റ് ചരണ്ജോത് സിംഗ് നന്ദ, വൈസ് പ്രസിഡന്റ് ഡി. പ്രസന്നകുമാർ, പ്രത്യക്ഷനികുതി കമ്മിറ്റി അധ്യക്ഷൻ പിയൂഷ് ചാജത്, ദേശീയ കൗണ്സിലിലെ ഏക മലയാളി ബാബു ഏബ്രഹാം കള്ളിവയലിൽ എന്നിവരാണ് 31 അംഗ പാർലമെന്ററി സമിതിക്കു മുന്പിൽ രണ്ടര മണിക്കൂറോളം നിയമത്തിന്റെ സാങ്കേതികവശങ്ങളും പ്രായോഗിക പ്രശ്നങ്ങളും വിശദീകരിച്ചത്.
ആദായനികുതി വ്യവസ്ഥകൾ കൂടുതൽ ലളിതമാക്കുകയും വ്യവഹാരങ്ങൾ ഒഴിവാക്കുന്നതിനും വേണ്ട വകുപ്പുകളാണ് ബില്ലിൽ വേണ്ടതെന്ന് എംപിമാർ പറഞ്ഞു.
ഉദ്യോഗസ്ഥർക്ക് അനിയന്ത്രിത അധികാരം നൽകുന്നതിനും ആദായനികുതിയുടെ മറവിൽ പൗരന്റെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കും കടന്നുകയറുന്നതിനും എതിരേയും സമിതിയിലെ പ്രതിപക്ഷ എംപിമാർ വിമർശനമുയർത്തി. പ്രത്യക്ഷനികുതി ബോർഡ് (സിബിഡിടി) ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നത് ദുരുപയോഗിക്കപ്പെടാനും രാഷ്ട്രീയ പകപോക്കലിനും വഴിതെളിക്കുമെന്ന് ചില എംപിമാർ ചൂണ്ടിക്കാട്ടി.
ആദായനികുതി നിയമം ഇഴകീറി പരിശോധിക്കുന്ന ലോക്സഭാ സെലക്ട് കമ്മിറ്റിയുടെ ഇന്നു ചേരാനിരുന്ന യോഗം അടുത്ത ബുധനാഴ്ചയിലേക്കു മാറ്റി. ജൂലൈയിൽ സമിതി സ്പീക്കർക്ക് റിപ്പോർട്ട് നൽകും.
അടുത്ത വർഷകാല സമ്മേളനത്തിൽ പുതിയ ആദായനികുതി ബിൽ അവതരിപ്പിച്ചു പാസാക്കിയേക്കും. സമിതി ചെയർമാനും ബിജെപി എംപിയുമായ ബെയ്ജയന്ത് ജയ് പാണ്ഡയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അംഗങ്ങളായ എൻ.കെ. പ്രേമചന്ദ്രനും ബെന്നി ബെഹനാനും പങ്കെടുത്തു. ദീപികയിൽ ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷം പാർലമെന്റിൽ പ്രശ്നം ഉന്നയിക്കുമെന്ന് കോണ്ഗ്രസ് നേതാക്കൾ അറിയിച്ചു.