ബോഫോഴ്സ്: അന്വേഷണം സജീവമാക്കാൻ സിബിഐ
Thursday, March 6, 2025 2:52 AM IST
ന്യൂഡൽഹി: ബോഫോഴ്സ് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ തേടി അമേരിക്കയെ സമീപിച്ച് സിബിഐ.
അഴിമതിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇന്ത്യയിലെ അന്വേഷണ ഏജൻസിയുമായി പങ്കിടാൻ താത്പര്യം പ്രകടിപ്പിച്ച സ്വകാര്യ അന്വേഷകൻ മൈക്കൽ ഹെർഷ്മാനിൽനിന്നു വിവരങ്ങൾ തേടി അമേരിക്കയ്ക്ക് ലെറ്റർ റോഗട്ടറി അയച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിയമപരമായ വിഷയത്തിൽ സഹായത്തിനായി വിദേശ കോടതിയോടുള്ള ഔദ്യോഗിക അഭ്യർഥനയാണ് ലെറ്റർ റോഗറ്ററി. കഴിഞ്ഞ ഒക്ടോബറിൽ ഡൽഹിയിലെ പ്രത്യേക കോടതി പുറപ്പെടുവിച്ച ലെറ്റർ റോഗറ്ററി അമേരിക്കയിലെ നിയമവകുപ്പിനു കൈമാറിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
2017 ൽ സ്വകാര്യ ഡിറ്റക്ടീവുകളുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി ഇന്ത്യയിൽ എത്തിയപ്പോഴാണു അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ തയാറാണെന്ന് ഫെയർഫാക്സ് ഗ്രൂപ്പിന്റെ തലവൻകൂടിയായ ഹെർഷ്മാൻ വ്യക്തമാക്കിയത്.