എൻഎസ്എസ് സ്കൂളുകളിലെ നിയമനം സ്ഥിരമാക്കാൻ സുപ്രീംകോടതി
Wednesday, March 5, 2025 2:52 AM IST
ന്യൂഡൽഹി: നായർ സർവീസ് സൊസൈറ്റിക്ക് (എൻഎസ്എസ്) കീഴിലുള്ള സ്കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങൾ സ്ഥിരമാക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നിർദേശം.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണത്തിനായി തസ്തികകൾ മാറ്റിവച്ച സാഹചര്യത്തിലാണ് ജസ്റ്റീസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.
എൻഎസ്എസിന് കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി അറുപത് സീറ്റുകൾ മാറ്റിവച്ചിട്ടുണ്ടെന്ന് മാനേജ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുർന്നാണ് ബെഞ്ചിന്റെ നടപടി. കോടതിയുടെ നിർദേശപ്രകാരം കഴിഞ്ഞ നാല് വർഷത്തിനിടെ നടത്തിയ 350ൽ അധികം തസ്തികകൾ സ്ഥിരമാകും.
ഭിന്നശേഷി സംവരണം നടപ്പാക്കാത്തതിനാൽ വിവിധ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനം സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനായി കാത്തുകിടക്കുകയാണ്. ഇതിനെതിരേ വിവിധ എയ്ഡഡ് സ്കൂൾ അധ്യാപകർ നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലാണ്.