യുപി നിയമസഭയിൽ പാൻമസാലയ്ക്കു നിരോധനം
Thursday, March 6, 2025 2:52 AM IST
ലക്നോ: സഭ നടന്നുകൊണ്ടിരിക്കെ എംഎൽഎ പാൻമസാല ചവച്ചുതുപ്പുന്നതു കാമറയിൽ പതിഞ്ഞതിനെത്തുടർന്ന് കടുത്ത നടപടികളുമായി ഉത്തർപ്രദേശ് നിയമസഭാ സ്പീക്കർ.
നിയമസഭാ വളപ്പിൽ പാൻമസാലയുടെയും ഗുഡ്കയുടെയും ഉപയോഗം നിരോധിച്ചതായി സ്പീക്കർ സതീഷ് മഹാന പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥരുൾപ്പെടെ ആരു നിയമം ലംഘിച്ചാലും ആയിരംരൂപ വീതം പിഴ ഈടാക്കും.
ചൊവ്വാഴ്ച രാവിലെയാണ് നിയമസഭയ്ക്കുള്ളിൽ എംഎൽഎ ചവച്ചുതുപ്പിയത്. ദൃശ്യം ശ്രദ്ധയിൽപ്പെട്ടയുടൻ സ്ഥലം വൃത്തിയാക്കാൻ ജീവനക്കാരോടു നിർദേശിച്ച സ്പീക്കർ എംഎൽഎയുടെ പേര് പരസ്യപ്പെടുത്താൻ ശ്രമിച്ചില്ല. ആരാണ് ഇതു ചെയ്തതെന്ന് അറിയാമെന്നു വ്യക്തമാക്കുകയും ചെയ്തു.
പൊതുജനസേവകരെന്ന നിലയിൽ നിയമസഭയും പരിസരവും വൃത്തിയായി സൂക്ഷിക്കുക എംഎൽഎമാരുടെ ഉത്തരവാദിത്വമാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചു.
സാന്പത്തികഞെരുക്കം ഉള്ളതിനാൽ പിഴത്തുക വർധിപ്പിക്കണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടു. ഈയാവശ്യം ഉന്നയിച്ചവരുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഈ കുറ്റത്തിന് ഇവരെ പിടികൂടിയാൽ കൂടുതൽ തുക ഈടാക്കാമെന്നുമായിരുന്നു തമാശരൂപത്തിൽ സ്പീക്കർ മറുപടി നൽകിയത്.