ഹജ്ജ്: ഉയർന്ന വിമാന യാത്രാനിരക്കിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി
Friday, March 7, 2025 1:33 AM IST
ന്യൂഡൽഹി: വിമാന യാത്രാനിരക്ക് നയപരമായ വിഷയമാണെന്നു ചൂണ്ടിക്കാട്ടി ഉയർന്ന വിമാനത്തുകയ്ക്കെതിരായ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി.
കോഴിക്കോട് കരിപ്പുർ വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവർക്ക് ഉയർന്ന വിമാനനിരക്ക് നൽകേണ്ടിവരുന്നുവെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇടപെടാൻ വിസമ്മതിച്ചത്. വിമാന യാത്രാനിരക്കിൽ ഇടപെട്ടാൽ ഗുണത്തേക്കാൾ ഹജ്ജ് തീർഥാടനത്തിൽ വിപരീതഫലമുണ്ടാകുമെന്ന് മേൽക്കോടതി വ്യക്തമാക്കി.
എന്നാൽ കോഴിക്കോട് വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്രയ്ക്ക് ഉയർന്ന നിരക്ക് ഈടാക്കുന്നതിന്റെ കാരണം വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ചു കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിനു പോകുന്നവർക്ക് 40,000 രൂപ അധികം നൽകേണ്ടിവരുന്നുണ്ടെന്നായിരുന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന മതവിശ്വാസികൾക്കു ഉയർന്ന ചെലവ് താങ്ങാൻ കഴിയില്ലെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ വിമാനനിരക്കിനു പിന്നിൽ പല ഘടകങ്ങളുണ്ടെന്നും നിരക്ക് കുറയ്ക്കാൻ നിർദേശിച്ചാൽ ചിലപ്പോൾ വിമാന കന്പനികൾ സർവീസ് നടത്താതിരിക്കുന്ന സാഹചര്യം ഉണ്ടായേക്കാമെന്നും വ്യക്തമാക്കി ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു.