മണിപ്പുരിലെ ദേശീയപാതകളിൽ ചരക്കുഗതാഗതം നാളെ തുടങ്ങും
Friday, March 7, 2025 2:29 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മെയ്തെയ്, കുക്കി മേഖലകളിൽ ഇരുവിഭാഗം ജനങ്ങൾ കടക്കുന്നതിനുപോലും 22 മാസമായി നിലവിലുണ്ടായിരുന്ന അപ്രഖ്യാപിത വിലക്കു മാറ്റി നാളെമുതൽ സന്പൂർണ സഞ്ചാരസ്വതന്ത്ര്യം പുനരാരംഭിക്കുമെന്ന് സർക്കാർ.
എന്നാൽ മലയോര ജില്ലകൾക്കായി സ്വതന്ത്ര ഭരണസംവിധാനം അനുവദിച്ചശേഷം ഹൈവേകളിലെ ചരക്കുഗതാഗതം വീണ്ടും തുടങ്ങിയാൽ മതിയെന്ന കുക്കി സംഘടനകളുടെ നിലപാടും, മലയോരങ്ങളിലേക്ക് നാളെ മാർച്ച് നടത്താനുള്ള മെയ്തെയ് ഗ്രൂപ്പുകളുടെ പ്രഖ്യാപനവും വീണ്ടും സംഘർഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.
മണിപ്പുരിനെ അയൽസംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന രണ്ടു പ്രധാന ദേശീയപാതകളിലും നാളെമുതൽ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയും ഡിജിപിയും വ്യക്തമാക്കി. രാഷ്ട്രപതിഭരണത്തിലായതിനാൽ ഗവർണർ അജയ് കുമാർ ഭല്ലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണു ഭരണ സംവിധാനം.
സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസേനയുടെ നിരീക്ഷണത്തിലുള്ള ദേശീയപാതകളിൽ കൂടുതൽ സൈന്യത്തെയും പോലീസിനെയും നിയോഗിച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ മെയ്തെയ്കൾക്കായി ചരക്കുഗതാഗതം പുനരാരംഭിക്കുന്നതിനെ കുക്കി സംഘടനകൾ എതിർത്ത പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് എവിടെയും.
കുക്കി ഭൂരിപക്ഷ മലകളിലേക്ക് നാളെ മാർച്ച് നടത്താനുള്ള മെയ്തെയ് സംഘടനകളുടെ (ഫെഡറേഷൻ ഓഫ് സിവിൽ സൊസൈറ്റി ഓർഗനൈസേഷൻസ് ഓഫ് മണിപ്പുർ- എഫ്ഒസിഎസ്) ആഹ്വാനം കുക്കികളെ ഭീതിയിലാക്കിയിട്ടുണ്ട്.
കുക്കി സോ സമൂഹത്തിനെതിരായ പ്രകോപനത്തിന്റെയും ഭീഷണിയുടെയും പ്രത്യക്ഷനടപടിയാണ് മെയ്തെയ്കളുടെ മാർച്ചെന്ന് കുക്കികൾ ആരോപിച്ചു. മെയ്തെയ് ഫാസിസത്തിന്റെ നഗ്നമായ പ്രകടനം തടയണമെന്നാവശ്യപ്പെട്ട് കുക്കി സംഘടനകൾ ഗവർണർക്കു നിവേദനം നൽകി.
ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ഒന്നിനു വിളിച്ച ഉന്നത തലയോഗത്തിലാണ് നാളെ മുതൽ രണ്ടു പ്രധാന ദേശീയപാതകളിലും ചരക്കുഗതാഗതം പൂർണതോതിൽ പുനരാരംഭിക്കാൻ തീരുമാനിച്ചത്.
തുറക്കുന്നത് രണ്ടു ദേശീയപാതകൾ
മണിപ്പുരിന്റെ തലസ്ഥാനമായ ഇംഫാലിനെ നാഗാലാൻഡുമായി ബന്ധിപ്പിക്കുന്ന രണ്ടാം നന്പർ ദേശീയപാതയിൽ (എൻഎച്ച്- 2) നാളെമുതൽ ചരക്ക്, വാണിജ്യ വാഹനങ്ങൾ വീണ്ടും സർവീസ് തുടങ്ങും.
നാഗാ ആധിപത്യമുള്ള പ്രദേശമായ സേനാപതിയിൽ പ്രവേശിക്കുന്നതിനുമുന്പ് കുക്കി സോ ഗോത്ര വിഭാഗങ്ങൾ കൂടുതലുള്ള കാങ്പോക്പി ജില്ലയിലൂടെയാണ് രണ്ടാം നന്പർ ദേശീയപാത കടന്നുപോകുന്നത്. ജിരിബാമിൽനിന്നു ഇംഫാൽ വഴി ആസാമിലേക്കുള്ള ദേശീയപാത 37 ആണ് മറ്റൊരു നിർണായക റൂട്ട്.
ഇംഫാലിലേക്കും മെയ്തെയ് മേഖലകളിലേക്കും അവശ്യസാധനങ്ങളും പെട്രോളും ഡീസലും മറ്റും എത്തിക്കുന്നതിന് രണ്ട്, 37 ദേശീയപാതകൾ തുറക്കേണ്ടത് അനിവാര്യമാണ്. രണ്ടു ഹൈവേകളിലും മാസങ്ങളോളം മാരകമായ അക്രമങ്ങൾ നടന്നിട്ടുണ്ട്.
എന്നാൽ ഗോത്രജനതകൾ അധിവസിക്കുന്ന മലയോരപ്രദേശങ്ങൾക്ക് മിസോറം, നാഗാലാൻഡ് തുടങ്ങിയ അയൽസംസ്ഥാനങ്ങളുമായി ചേർന്നുകിടക്കുന്നതിനാൽ സാധനങ്ങൾ എത്തിക്കുന്നതിന് മെയ്തെയ് മേഖലകളിലൂടെ പോകേണ്ടതില്ല.
ഈ സാഹചര്യത്തിലാണ് സൈന്യത്തെയടക്കം അണിനിരത്തി പ്രധാന ദേശീയപാതകൾ ചരക്കുഗതാഗതത്തിനായി തുറന്നുകൊടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി തുടങ്ങിയത്.