ആദായനികുതി ബിൽ: സ്വകാര്യത ആക്രമണത്തിലെന്ന് കോണ്‍ഗ്രസ്
Friday, March 7, 2025 2:29 AM IST
ന്യൂഡൽഹി: “മുന്നറിയിപ്പ്: നിങ്ങളുടെ സ്വകാര്യത ആക്രമണത്തിലാണ്’’- പുതിയ ആദായനികുതി ബില്ലിലെ വിവാദ വകുപ്പിനെതിരേയുള്ള കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രതികരണമാണിത്.
വ്യക്തികളുടെ സ്വകാര്യ ഡിജിറ്റൽ ഇടത്തിലേക്കു നുഴഞ്ഞുകയറാൻ നികുതി ഉദ്യോഗസ്ഥർക്ക് അനുമതി നൽകുന്ന പുതിയ ആദായനികുതി ബില്ല് ഭരണഘടനയും സുപ്രീംകോടതിയും ഉറപ്പുനൽകുന്ന പൗരസ്വാതന്ത്ര്യത്തിനു നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് സമൂഹമാധ്യമമായ എക്സിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
ഇ-മെയിലുകളിലെയും വാട്ട്സ്ആപ് അടക്കമുള്ള മെസേജിംഗ് ആപ്പുകളിലെയും സ്വകാര്യ സംഭാഷണങ്ങൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റുകൾ, ട്രേഡിംഗ് അക്കൗണ്ടുകളിൽ നടത്തുന്ന നിക്ഷേപങ്ങൾ എന്നിവയെല്ലാം നിരീക്ഷിക്കാനും ദുരുപയോഗിക്കാനും ആദായനികുതി ഉദ്യോഗസ്ഥർക്കു കഴിയുമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
കേന്ദ്ര ഏജൻസികളെ മുന്‍പും മോദി സർക്കാർ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പുതിയ നിയമം അവർക്ക് രാഷ്ട്രീയ എതിരാളികളെയും സാധാരണക്കാരെയും ഉപദ്രവിക്കാൻ കൂടുതൽ അധികാരം നൽകുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.