14 കിലോ സ്വർണവുമായി കന്നഡ നടി രന്യ റാവു വിമാനത്താവളത്തിൽ അറസ്റ്റിൽ
Thursday, March 6, 2025 2:52 AM IST
ബംഗളൂരു: 12.56 കോടി രൂപയുടെ സ്വർണക്കട്ടികളുമായി കന്നഡ നടി രന്യ റാവു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. തുടർന്ന് നടിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 2.06 കോടി രൂപയുടെ സ്വർണാഭരണങ്ങളും 2.67 കോടി രൂപയും കണ്ടെടുത്തുവെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്(ഡിആർഐ) അറിയിച്ചു.
മുതിർന്ന ഐപിഎസ് ഓഫീസർ രാമചന്ദ്ര റാവുവിന്റെ വളർത്തുമകളാണ് മുപ്പത്തിമൂന്നുകാരിയായ രന്യ റാവു. കർണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനും എംഡിയുമാണു രാമചന്ദ്ര റാവു. ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളാണു രന്യ.
തിങ്കളാഴ്ച ദുബായിൽനിന്ന് ബംഗളൂരുവിലെത്തിയ എമിറേറ്റ്സ് വിമാനത്തിലാണ് രന്യ 14.2 കിലോ സ്വർണം കടത്തിയത്. ഇതിനു 12.56 കോടി രൂപ വിലമതിക്കുമെന്നു ഡിആർഐ അറിയിച്ചു.
ബെൽറ്റിൽ ഒളിപ്പിച്ച 14 സ്വർണക്കട്ടികളും ആഭരണങ്ങളായി ധരിച്ചിരുന്ന 800 ഗ്രാം സ്വർണവുമാണു നടിയിൽനിന്നു ഡിആർഐ പിടിച്ചെടുത്തത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴിലാണ് ഡിആർഐ പ്രവർത്തിക്കുന്നത്.
നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നായിരുന്നു സ്വർണം പിടികൂടിയ സംഭവത്തിൽ രന്യയുടെ പിതാവ് രാമചന്ദ്ര റാവുവിന്റെ പ്രതികരണം.
നാലു മാസം മുന്പാണു രന്യ വിവാഹിതയായത്.രന്യയുടെ അടിക്കടിയുള്ള വിദേശയാത്രകൾ ഡിആർഐയ്ക്ക് സംശയം ജനിപ്പിച്ചിരുന്നു. രണ്ടാഴ്ചയ്ക്കിടെ നാലു തവണയാണു നടി ദുബായ് യാത്ര നടത്തിയത്.
എല്ലാ യാത്രയിലും ഒരേ വസ്ത്രമാണു ധരിച്ചിരുന്നത്. ഇതു ഡിആർഐ സംഘത്തിനു സംശയത്തിനു കാരണമായി. പിതാവിന്റെ ഉന്നതപദവിയും(ഡിജിപി) രന്യ സ്വർണക്കടത്തിന് ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.
2014ൽ മാണിക്യ എന്ന സിനിമയിലൂടെ രന്യ അരങ്ങേറ്റം കുറിച്ചത്.