ഔദ്യോഗിക വസതി നവീകരണം: എംപി ഫണ്ട് വർധിപ്പിച്ചു
Thursday, March 6, 2025 2:52 AM IST
ന്യൂഡൽഹി: ഔദ്യോഗിക വസതി നവീകരിക്കാനായി എംപിമാർക്കു നൽകുന്ന ഫണ്ട് വർധിപ്പിച്ചു. നിലവിലെ 1,50,000 രൂപയിൽനിന്ന് 5,00,000 രൂപയായാണ് ഒറ്റയടിക്കു വർധിപ്പിച്ചത്.
ഔദ്യോഗിക വസതിയുടെ മോടിപിടിപ്പിക്കലിനും നവീകരണപ്രവർത്തനങ്ങൾക്കുമായുള്ള ഫണ്ടിൽ 230 ശതമാനത്തിന്റെ വർധനയാണ് പാർലമെന്ററി സമിതി അനുവദിച്ചുനൽകിയിരിക്കുന്നത്.
പഴയ നിർമിതികൾ നവീകരിക്കുന്നതിന് ഉയർന്ന ചെലവുണ്ടാകുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി നിരവധി എംപിമാർ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഫണ്ടിലെ വർധന.
രാജ്യതലസ്ഥാനത്തെ എംപിമാരുടെ ബംഗ്ലാവുകൾ പുതുക്കിപ്പണിയാനായി അഞ്ചു വർഷത്തിനുള്ളിൽ സർക്കാർ 193 കോടി രൂപ ചെലവഴിച്ചുവെന്നാണ് 2019ൽ ഭവനവികസന മന്ത്രി ഹർദീപ് സിംഗ് പുരി പാർലമെന്റിനെ അറിയിച്ചത്.
എംപിമാരുടെ വസതികൾക്കുള്ള അറ്റകുറ്റപ്പണികൾക്കായി പരിധി നിശ്ചയിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ന്യൂഡൽഹിയിലെ ലൂട്യൻസിൽ നിർമിച്ച ബംഗ്ലാവുകളാണ് രാജ്യത്തെ എംപിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വസതി.