ലോക്സഭാ മണ്ഡലപുനര്‍നിര്‍ണയം ദക്ഷിണേന്ത്യയുടെ തലയ്ക്കു മുകളിൽ തൂങ്ങുന്ന വാൾ: സ്റ്റാലിൻ
Thursday, March 6, 2025 2:52 AM IST
ചെന്നൈ: ലോക്സഭാ മണ്ഡലപുനര്നിര്ണയത്തിനെതിരേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സംയുക്ത കർമസമിതി നിർദേശവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
തമിഴ്നാട് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലായിരുന്നു സ്റ്റാലിൻ നിർദേശം മുന്നോട്ടുവച്ചത്. സർവകക്ഷി യോഗത്തിൽ ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയത്തെ ഏകകണ്ഠമായി എതിർത്ത് കേന്ദ്ര സര്‍ക്കാരിനെതിരേ പ്രമേയം അവതരിപ്പിച്ചു.
ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇതിനായി 1971ലെ സെൻസസ് അടിസ്ഥാനമാക്കണമെന്നും ഉചിതമായ ഭരണഘടനാ ഭേദഗതി വേണമെന്നും സ്റ്റാലിൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കൂടാതെ, 1971 ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള നിലവിലെ അതിർത്തി നിർണയ ചട്ടക്കൂട് അടുത്ത 30 വർഷത്തേക്ക് നിലനിർത്തണം. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ ഉറപ്പു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദക്ഷിണേന്ത്യയുടെ തലയിൽ മണ്ഡല പുനര്‍നിര്‍ണയ വാൾ തൂങ്ങിക്കിടക്കുകയാണെന്നും തമിഴ്നാടിനെ അത് സാരമായി ബാധിക്കുമെന്നും സ്റ്റാലിൻ ആരോപിച്ചു.
പ്രധാന പ്രതിപക്ഷ പാർട്ടിയായ എഡിഎംകെ, കോൺഗ്രസ്, ഇടത് പാർട്ടികൾ, വിജയുടെ ടിവികെ തുടങ്ങിയ പാർട്ടികൾ സർവകക്ഷിയോഗത്തിൽ പങ്കെടുത്തു. ബിജെപി, നാം തമിഴർ പാർട്ടി (എൻടികെ), തമിഴ് മാനില കോൺഗ്രസ് (മൂപ്പനാർ) എന്നീ പാർട്ടികൾ യോഗം ബഹിഷ്കരിച്ചു.