പ്രിയ വർഗീസിനെതിരായ ഹർജിയിൽ ഉടൻ വാദം കേൾക്കില്ല
Wednesday, March 5, 2025 12:54 AM IST
ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിനെ അസോസിയറ്റ് പ്രഫസറായി നിയമിച്ചതിനെതിരായ ഹർജിയിൽ ഉടൻ വാദം കേൾക്കില്ലെന്ന് സുപ്രീംകോടതി.
നിയമനം ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരേ സമർപ്പിച്ച ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരൻ ജോസഫ് സ്കറിയ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഹർജിക്കാരന്റെ വിരമിക്കൽ പ്രായം ഉടൻ കഴിയുമെന്നും അതിനാൽ ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിക്കുകയായിരുന്നു.
പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി നടപടിക്കെതിരേ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിക്കാൻ ഇന്നലെയും ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റ് കേസുകളിലെ വാദം നീണ്ടുപോയതിനാൽ വാദത്തിന് കോടതി ഹർജി എടുത്തില്ല.