മണിപ്പുരിലെ ആരാധനാലയങ്ങൾ പുനർനിർമിക്കാൻ നിർദേശം
Thursday, March 6, 2025 2:52 AM IST
ന്യൂഡൽഹി: മണിപ്പുരിൽ വംശീയകലാപത്തിൽ തകർന്ന ആരാധനാലയങ്ങൾ പുനർനിർമിക്കാൻ സംസ്ഥാന ഭരണകൂടത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശം നൽകി.
മണിപ്പുരിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ഈ മാസമാദ്യം ഡൽഹിയിൽ നടന്ന യോഗത്തിലാണ് ആരാധനാലയങ്ങൾ പുനർനിർമിക്കാൻ നിർദേശം നൽകിയത്.
സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും അമിത് ഷാ ഉന്നതതല യോഗത്തിൽ നിർദേശം നൽകി.
2023 മേയ് മൂന്നിന് കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇരുവിഭാഗങ്ങളുടെയും 386 മതസ്ഥാപനങ്ങൾ തകർന്നിട്ടുണ്ടെന്നാണ് മണിപ്പുർ സർക്കാർ 2023 ഓഗസ്റ്റിൽ സുപ്രീംകോടതിയെ അറിയിച്ചത്.
എന്നാൽ, കലാപം തുടങ്ങിയതിനുശേഷമുള്ള ആദ്യ 36 മണിക്കൂറിനുള്ളിൽ 249 പള്ളികൾ തകർന്നിട്ടുണ്ടെന്നാണ് ഇംഫാൽ ആർച്ച്ബിഷപ് ഡൊമിനിക്ക് ലൂമോണ് ചൂണ്ടിക്കാട്ടിയത്.
കലാപകാരികൾ മതസ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന നിഗമനത്തിൽ പള്ളികളും ക്ഷേത്രങ്ങളും സംരക്ഷിക്കാൻ 2023 സെപ്റ്റംബറിൽ മേൽക്കോടതി ഉത്തരവിട്ടിരുന്നു.
രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയതിനുശേഷം നടത്തിയ ആദ്യ സുരക്ഷാ അവലോകനയോഗത്തിൽ മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ അറിയിച്ചിരുന്നു. അതിനിടെ, അനധികൃത ആയുധങ്ങൾ മടക്കിനൽകാൻ കേന്ദ്രം നൽകിയ സമയപരിധി ഇന്ന് അവസാനിക്കും.