മഹാരാഷ്ട്രയിൽ താമസിക്കുന്നവർ മറാഠി ഭാഷ പഠിക്കണം: ഫഡ്നാവിസ്
Friday, March 7, 2025 2:29 AM IST
മുംബൈ: മുതിർന്ന ആർഎസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷിയുടെ പ്രസ്താവന തിരുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
മുംബൈയുടെയും മഹാരാഷ്ട്രയുടെയും ഔദ്യോഗിക ഭാഷ മറാഠിയാണെന്നും ഇവിടെ താമസിക്കുന്നവർ മറാഠി ഭാഷ പഠിച്ച് സംസാരിക്കണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രസ്താവിച്ചു.
മുംബൈയിലേക്കു വരുന്നവർ മറാഠി ഭാഷ പഠിക്കണമെന്നു നിർബന്ധിക്കാനാവില്ലെന്നായിരുന്നു ജോഷിയുടെ പ്രസ്താവന. ആർഎസ്എസ് നേതാവിന്റെ പ്രസ്താവനയ്ക്കെതിരേ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയുടെ നേതാക്കൾ കഴിഞ്ഞദിവസം മുംബൈയിൽ പ്രതിഷേധ ധർണ നടത്തിയിരുന്നു.
ജോഷിക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കണമെന്ന് ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ശിവസേന(യുബിടി) എംഎൽഎ ഭാസ്കർ ജാധവും ആവശ്യപ്പെട്ടിരുന്നു.
മുംബൈയ്ക്ക് സ്വന്തമായി ഒരു ഭാഷയില്ല. മറാഠിയാണ് മുംബൈയുടെ ഭാഷ. ഘട്കോപ്പറിൽ ഗുജറാത്തി ഭാഷയാണ് ആളുകൾ സംസാരിക്കുന്നത്. നിങ്ങൾ മുബൈയിലാണു താമസിക്കുന്നതെങ്കിലും മറാഠി പഠിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല എന്നായിരുന്നു ജോഷിയുടെ പ്രസ്താവന.
കോൽക്കത്തയിലും ഗുജാറാത്തിലും പശ്ചിമബംഗാളിലും തമിഴ്നാട്ടിലും കേരളത്തിലും ചെന്ന് ഇങ്ങനെ പ്രസംഗിക്കാൻ ജോഷിക്കു ധൈര്യമുണ്ടോ എന്ന് ഉദ്ധവ് ചോദിച്ചു.