പാക്കിസ്ഥാനി എന്നു വിളിച്ചാൽ മതവികാരം വ്രണപ്പെടില്ല; സുപ്രീംകോടതി
Wednesday, March 5, 2025 12:54 AM IST
ന്യൂഡൽഹി: ഒരാളെ പാക്കിസ്ഥാനി എന്നു വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി.
സർക്കാർ ഉദ്യോഗസ്ഥനെ പാക്കിസ്ഥാനി എന്ന് വിളിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റീസുമാരായ ബി.വി. നഗരത്ന സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം.
പാക്കിസ്ഥാനി എന്നുവിളിച്ചതിന് കേസെടുത്തത് ശരിവച്ച ജാർഖണ്ഡ് ഹൈക്കോടതി വിധിയും ബെഞ്ച് റദ്ദാക്കി. ജാർഖണ്ഡിലെ ചാസിൽ സബ് ഡിവിഷണൽ ഓഫീസിലെ ഉറുദു വിവർത്തകനും ആക്ടിംഗ് ക്ലാർക്കുമായ ഉദ്യോഗസ്ഥൻ വിവരാവകാശ നിയമമനുസരിച്ചുള്ള വിവരങ്ങൾ നൽകാൻ ചെന്നപ്പോൾ പ്രതി തന്നെ തന്റെ മതം പരാമർശിച്ച് അധിക്ഷേപിച്ചെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിൽ തടസം നിന്നെന്നും ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
പ്രതിക്കെതിരേ എടുത്ത കേസ് ജാർഖണ്ഡ് ഹൈക്കോടതി നേരത്തേ ശരിവച്ചിരുന്നു. തുടർന്ന് പ്രതി സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് പ്രതിക്ക് അനുകൂലമായി കോടതിയിൽ നിന്ന് വിധി വന്നത്. ഇത്തരത്തിലുള്ള പരാമർശങ്ങൾ മോശമാണെങ്കിലും മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി കേസെടുക്കാൻ കഴിയില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.