കന്നുകാലിരോഗ നിയന്ത്രണം: 3880 കോടിയുടെ പദ്ധതിക്ക് അനുമതി
Thursday, March 6, 2025 2:52 AM IST
ന്യൂഡൽഹി: കന്നുകാലികളെ ബാധിക്കുന്ന രോഗങ്ങളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി 3880 കോടി രൂപ അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. കന്നുകാലി ആരോഗ്യ-രോഗനിയന്ത്രണ പദ്ധതിക്ക് (എൽഎച്ച്ഡിസിപി) രണ്ടു വർഷത്തേക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
കന്നുകാലികൾക്കും വളർത്തുപക്ഷികൾക്കുമായുള്ള വാക്സിനേഷൻ, വെറ്ററിനറി അടിസ്ഥാനസൗകര്യങ്ങളുടെ ശക്തിപ്പെടുത്തൽ, രോഗനിരീക്ഷണം എന്നിവയിലൂടെ മൃഗാരോഗ്യമേഖലയെ മെച്ചപ്പെടുത്തുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം.
ദേശീയ മൃഗരോഗ നിയന്ത്രണ പദ്ധതി (എൻഎഡിസിപി), കന്നുകാലി ആരോഗ്യ-രോഗ നിയന്ത്രണം, വെറ്ററിനറി മെഡിക്കൽ ഷോപ്പ് (പശു ഔഷധി) എന്നിങ്ങനെ മൂന്നു ഘടകങ്ങളാണ് പദ്ധതിയിലുള്ളത്.
കന്നുകാലികളുടെ ഉത്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്ന രോഗങ്ങൾ എൽഎച്ച്ഡിസിപിക്കു കീഴിലെ പ്രതിരോധ കുത്തിവയ്പിലൂടെ തടയാൻ കഴിയും.
പദ്ധതി ഉത്പാദനക്ഷമത മെച്ചപ്പെടുത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഗ്രാമീണമേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും കന്നുകാലികളിലെ രോഗത്തെത്തുടർന്നുള്ള കർഷകരുടെ സാന്പത്തികനഷ്ടം തടയുകയും ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു.