യുപിയിൽ ബബ്ബർ ഖൽസ ഭീകരൻ ലജാർ മസിഹ് പിടിയിൽ
Friday, March 7, 2025 1:33 AM IST
ലക്നോ: ബബ്ബർ ഖൽസ ഇന്റർനാഷണൽ എന്ന ഖലിസ്ഥാൻ തീവ്രവാദ സംഘടനയുടെ പ്രവർത്തകനായ ലജാർ മസിഹിനെ യുപിയിൽനിന്നു പിടികൂടി. പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള മസിഹിനെ ഉത്തർപ്രദേശ് എസ്ടിഎഫും പഞ്ചാബും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണു പിടികൂടിയത്.
പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേളയ്ക്കിടെ വൻ ആക്രമണത്തിന് മസിഹ് പദ്ധതിയിട്ടെന്ന് യുപി ഡിജിപി പ്രശാന്ത്കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കനത്ത സുരക്ഷാ പരിശോധനമൂലം ആക്രമണം നടപ്പാക്കാനായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽനിന്നു രക്ഷപ്പെട്ട് പോർച്ചുഗലിൽ അഭയം തേടാനായിരുന്നു മസിഹിന്റെ പദ്ധതി.
വ്യാജ യാത്രരേഖകളുമായി ദുബായിലേക്കു രക്ഷപ്പെട്ട ബബ്ബർ ഖൽസ തീവ്രവാദിയുമായി മസിഹിനു ബന്ധമുണ്ട്. പഞ്ചാബിലെ അമൃത്സറിനു സമീപം കുർലിയാൻ ഗ്രാമക്കാരനാണ് മസിഹ്. പാക്കിസ്ഥാനിലെ മൂന്ന് ഐഎസ്ഐ ഏജന്റുമാരുമായി ഇയാൾക്ക് ബന്ധമുണ്ട്.
ആയുധ, ഹെറോയിൻ കള്ളക്കടത്തിൽ ജയിലിലടയ്ക്കപ്പെട്ട മസിഹ് 2024 സെപ്റ്റംബർ 24ന് അമൃത്സറിലെ ഗുരു നാനാക് ദേവ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ രക്ഷപ്പെട്ടു. തുടർന്ന് ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ തലവൻ ജീവൻ ഫൗജിക്കുവേണ്ടി ആക്രമണങ്ങൾ നടത്തി.
ഉത്തർപ്രദേശിലെത്തുന്നതിനു മുന്പ് മസിഹ് സോനിപത്തിലും ഡൽഹിയിലും ഒളിവിൽ കഴിയുകയായിരുന്നു. മൂന്ന് ഹാൻഡ് ഗ്രനേഡുകളും രണ്ടു ഡിറ്റനേറ്ററുകളും ഒരു വിദേശനിർമിത കൈത്തോക്കും മസിഹിന്റെ പക്കൽനിന്നു പോലീസ് കണ്ടെടുത്തു.