ആശാ വർക്കർമാരുടെ സമരം: നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി
Wednesday, March 5, 2025 12:54 AM IST
ന്യൂഡൽഹി: കേരളത്തിലെ ആശാ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
ആരോഗ്യ മന്ത്രാലയത്തിൽ 20 മിനിറ്റോളം നീണ്ട് നിന്ന കൂടിക്കാഴ്ചയിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായും ആദ്ദേഹം നഡ്ഡയെ അറിയിച്ചു.
കേരളത്തിലെ ആശാ വർക്കർമാർ ഉന്നയിക്കുന്ന ആശങ്കകൾ കേന്ദ്രമന്ത്രിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. നേരത്തെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ എത്തിയ സുരേഷ് ഗോപി കൃത്യമായ കാര്യങ്ങൾ കേന്ദ്രസർക്കാരിനെ ബോധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.
നേരത്തെ ബിജെപി നേതാക്കൾ സമരവേദിയിൽ എത്തിയപ്പോൾ ആശാ വർക്കർമാർക്ക് കേന്ദ്രം നൽകാനുള്ള കുടിശിക ലഭ്യമാക്കുന്നതിനായി ഇടപടണമെന്ന് സമരക്കാർ ആവശ്യപ്പെട്ടിരുന്നു.