ഡൽഹിയിൽ പഴയ വാഹനങ്ങൾക്കു 31 മുതൽ ഇന്ധനം നൽകില്ല
Sunday, March 2, 2025 2:05 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഡൽഹിയിൽ ഇനി 15 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് പെട്രോളും ഡീസലും നൽകില്ല. മലിനീകരണ വിരുദ്ധ നടപടികളുടെ ഭാഗമായി ഈ മാസം 31 മുതൽ തീരുമാനം കർശനമായി നടപ്പാക്കുമെന്ന് ഡൽഹിയിലെ പുതിയ സർക്കാരിലെ പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ അറിയിച്ചു.
ഇന്ധന വിതരണ നിയന്ത്രണങ്ങൾക്കു പുറമേ, ഡൽഹിയിലെ വിമാനത്താവളത്തിൽ അടക്കം എല്ലാ ബഹുനില കെട്ടിടങ്ങളിലും ഹോട്ടലുകളിലും വാണിജ്യ സമുച്ചയങ്ങളിലും വായു മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള പുക വിരുദ്ധ യന്ത്രങ്ങൾ (ആന്റി സ്മോഗ് ഗണ്സ്) സ്ഥാപിക്കണമെന്നും സർക്കാർ നിർദേശിച്ചു.
ഡിസംബറോടെ ഡൽഹിയിലെ പൊതുഗതാഗതത്തിനായുള്ള ബസുകളെല്ലാം ഇലക്ട്രിക് ആക്കി മാറ്റും. നിലവിലെ സിഎൻജി (പ്രകൃതിവാതകം) ബസുകൾ 90 ശതമാനവും ഘട്ടം ഘട്ടമായി നിർത്തലാക്കിയാകും പകരം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ബസുകൾ ഏർപ്പെടുത്തുക.
ഡൽഹിയിലെ മലിനീകരണത്തോത് നിയന്ത്രിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണു പഴയ വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ, നിർബന്ധിത പുകമഞ്ഞ് വിരുദ്ധ നടപടികൾ, വൈദ്യുത പൊതുഗതാഗതത്തിലേക്കുള്ള മാറ്റം എന്നിവ നടപ്പാക്കുന്നത്.
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളെ തിരിച്ചറിയുന്ന ഉപകരണങ്ങൾ പെട്രോൾ പന്പുകളിൽ സ്ഥാപിക്കും. ഇതനുസരിച്ച് പഴക്കം ചെന്ന ബസ്, ട്രക്ക്, ജീപ്പ്, കാറുകൾ മുതൽ ബൈക്കുകൾ വരെയുള്ളവയ്ക്ക് അടുത്തമാസം മുതൽ ഇന്ധനം നൽകില്ല.
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് 31-ാം തീയതി മുതൽ ഇന്ധനം നൽകില്ലെന്ന തീരുമാനത്തെക്കുറിച്ചു കേന്ദ്ര പെട്രോളിയം മന്ത്രാലയത്തെ അറിയിക്കുമെന്ന് മന്ത്രി സിർസ കൂട്ടിച്ചേർത്തു.
ഡൽഹിയിൽ 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ സുപ്രീംകോടതി നിരോധിച്ചിട്ടുണ്ട്. 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ നന്പർ പ്ലേറ്റുകൾ പിടിച്ചെടുക്കുന്ന സംവിധാനങ്ങളും നിലവിലുണ്ട്.
പ്രധാനമായും പുക നിയന്ത്രണ സജ്ജീകരണം (പിഒസി) ഇല്ലാത്ത ഉപഭോക്താക്കളെ കണ്ടെത്തി പിഴയിടുകയായിരുന്നു ഇതുവരെ ട്രാഫിക് പോലീസ് ചെയ്തിരുന്നത്. ഇന്ധനം നൽകാതിരിക്കാനും ഇതേ സംവിധാനം ഉപയോഗിക്കാമെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ.
നവംബറിലും മറ്റും ഡൽഹിയിൽ വായുമലിനീകരണം കൂടുന്പോൾ മേഘവിത്ത് വിതച്ച് കൃത്രിമ മഴ പെയ്യിക്കാനായി കേന്ദ്രസർക്കാരിന്റെ അനുമതി തേടാനും ഡൽഹി സർക്കാർ ആലോചിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതിനെ തുടർന്ന് ദേശീയതലസ്ഥാനത്ത് മലിനീകരണത്തോ ത് കുറഞ്ഞിരുന്നു.
ഹരിയാനയിലെയും പഞ്ചാബിലെയും കർഷകർ നെല്ല്, ഗോതന്പ് പാടങ്ങളിൽ കച്ചി കത്തിക്കുന്നതു ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിനു വലിയ കാരണമാകുന്നില്ലെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവന ഡൽഹി മന്ത്രി സിർസ ശരിവച്ചു. ഡൽഹിയിലെ മലിനീകരണത്തോത് കൂട്ടാൻ പഞ്ചാബ്, ഹരിയാന കാരണമാകുന്നു.
എന്നാൽ അതു വളരെ കൂടുതലല്ല. പിയൂഷ് ഗോയൽ പറഞ്ഞതിനോടു യോജിക്കുന്നു എന്നായിരുന്നു പ്രതികരണം.
ഡൽഹിയിലെ എഎപി സർക്കാരും ഹരിയാനയിലെ ബിജെപി സർക്കാരും ഇക്കാര്യത്തിൽ പരസ്പരം പോരടിച്ചിരുന്ന രീതിക്കാണു ഭരണമാറ്റത്തോടെ മാറ്റമുണ്ടായത്.