കുമാരസ്വാമിക്കെതിരായ ക്രിമിനൽ കേസ് നടപടികൾ റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി
Thursday, February 27, 2025 2:14 AM IST
ന്യൂഡൽഹി: കേന്ദ്രമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയും ജെഡി-എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിക്കെതിരായ ക്രിമിനൽ കേസ് നടപടികൾ റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി.
2019 ലെ കർണാടക ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ ജസ്റ്റീസുമാരായ ദീപങ്കർ ദത്ത, രാജേഷ് ബിൻഡൽ എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു.
2018ൽ ഭേദഗതി ചെയ്ത അഴിമതി നിരോധന നിയമപ്രകാരം തനിക്കെതിരേയുള്ള ആരോപണത്തിൽ അന്വേഷണം നടത്താൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് കുമാരസ്വാമി കോടതിയെ സമീപിച്ചത്.
എന്നാൽ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കുമാര സ്വാമിക്കെതിരായ ആരോപണങ്ങളുടെ ഗൗരവവും വ്യക്തിപരമായ നേട്ടങ്ങൾക്കായി ഔദ്യോഗികപദവി ദുരുപയോഗം ചെയ്തുവെന്നും ചൂണ്ടിക്കാട്ടിയ കോടതി ഹർജിയിൽ ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു.
കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന 2006 ജൂണ്‍ മുതൽ 2007 ഒക്ടോബർ വരെ സാന്പത്തിക നേട്ടത്തിനായി ബംഗളൂരുവിൽ രണ്ടേക്കറിലധികം വരുന്ന ഭൂമിയുടെ വിജ്ഞാപനം റദ്ദാക്കാൻ കുമാരസ്വാമി നിയമവിരുദ്ധമായി ഉത്തരവിട്ടുവെന്നാണ് ആരോപണം.