ബിജെപി വ്യാജവോട്ടർമാരെ ഇറക്കുന്നു; തെരഞ്ഞെടുപ്പു കമ്മീഷനെതിരേ മമത
Friday, February 28, 2025 2:42 AM IST
കോൽക്കത്ത: തെരഞ്ഞെടുപ്പു കമ്മീഷന്റെ മറവിൽ അന്യസംസ്ഥാനങ്ങളിൽനിന്നു വ്യാജ വോട്ടർമാരെ ഇറക്കിയാണ് ബിജെപി വിജയം ഉറപ്പിക്കുന്നതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
ഡൽഹിയിലും മഹാരാഷ്ട്രയിലും ഇതേ കുതന്ത്രമാണ് ബിജെപി പരീക്ഷിച്ചതെന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോൺഫറൻസിൽ മമത പറഞ്ഞു. ഗ്യാനേഷ്കുമാറിനെ കേന്ദ്ര സർക്കാർ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമിച്ചതിനെയും മമത ചോദ്യം ചെയ്തു.
ഭൂമി പിടിച്ചെടുക്കുന്നതിനെതിരേ 2006ൽ 26 ദിവസം നിരാഹാരമിരുന്ന ഞങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷനെതിരേ അനിശ്ചിതകാല സമരത്തിനിറങ്ങുകയാണെന്നും അവർ കൂട്ടിച്ചേർത്തു.