തുരങ്ക അപകടം: രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ
Friday, February 28, 2025 2:42 AM IST
നാഗര്‍കുര്‍ണൂല്‍ (തെലുങ്കാന): തെലുങ്കാനയിലെ നാഗര്‍കര്‍ണൂലില്‍ എസ്എല്‍ബിസി തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കിത്തുടങ്ങി.
അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ ടണല്‍ ബോറിംഗ് മെഷീന് ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് കഷണങ്ങളാക്കി നീക്കം ചെയ്യാനുള്ള ജോലികള്‍ പുരോഗമിക്കുന്നതായി നാഗര്‍കുര്‍ണൂല്‍ പോലീസ് സൂപ്രണ്ട് വൈഭവ് ഗെയ്ക്വാദ് പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും ടണലിന്റെ നിര്‍മാണം മൂന്നു മാസത്തിനുള്ളില്‍ കഴിയുമെന്നും തെലുങ്കാന മന്ത്രി ഉത്തം കുമാര്‍ റെഡ്ഢി ബുധനാഴ്ച പറഞ്ഞിരുന്നു.
അതേസമയം, കുടുങ്ങിയവരെ ജീവനോടെ രക്ഷിക്കാന്‍ സാധിക്കുമോ എന്നതില്‍ ദൗത്യസംഘവും ഉറപ്പുനല്‍കുന്നില്ല.
കഴിഞ്ഞ ദിവസം വിദഗ്ധസംഘം തുരങ്കത്തിന്റെ അവസാനഭാഗത്തെത്തിയെങ്കിലും മുന്നോട്ടുപോകാന്‍ സാധിക്കാതെ തിരിച്ചെത്തിയിരുന്നു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷാപ്രവര്‍ത്തകര്‍ പേരെടുത്ത് വിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ആര്‍മി, നേവി, റാറ്റ് മൈനേഴ്സ്, എന്‍ഡിആര്‍എഫ് ടീമുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
അതേസമയം, തുരങ്ക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ചില തൊഴിലാളികള്‍ ഭയംനിമിത്തം സ്ഥലം വിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ശനിയാഴ്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ എൻജിനിയർമാരടക്കം എട്ടു പേരാണ് ദിവസങ്ങളായി ടണലില്‍ കുടുങ്ങിക്കിടക്കുന്നത്.