ജാതിവിവേചനം തടയാൻ ചട്ടങ്ങൾ തയാറെന്ന് യുജിസി
Friday, February 28, 2025 2:42 AM IST
സനു സിറിയക്
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും ജാതിവിവേചനം തടയുന്നതിന് പുതിയ ചട്ടങ്ങൾ തയാറാക്കിയിട്ടുണ്ടെന്ന് യുജിസി. പുതിയ ചട്ടത്തെപ്പറ്റിയുള്ള പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിന് പരസ്യമായി പ്രസിദ്ധീകരിക്കുമെന്നും യുജിസി സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ദളിത് പിഎച്ച്ഡി വിദ്യാർഥി രോഹിത് വെമുലയും ടിഎൻ ടോപിവാല നാഷണൽ മെഡിക്കൽ കോളജിലെ ആദിവാസി വിദ്യാർഥിനി പായൽ തദ്വിയും യഥാക്രമം 2016 ജനുവരിയിലും 2019 മേയിലും കാന്പസിലെ ജാതിവിവേചനത്തെത്തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. ഇവരുടെ അമ്മമാർ നൽകിയ ഹർജിയിലാണ് യുജിസിയുടെ വിശദീകരണം. സർവകലാശാലകളിലെ ജാതിവിവേചനത്തിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതി-പട്ടികവർഗം, മറ്റു പിന്നാക്ക വിഭാഗം, ഭിന്നശേഷിക്കാർ തുടങ്ങിയവരുടെ സ്ഥാനക്കയറ്റം, വിദ്യാഭ്യാസം തുടങ്ങിയവ സംബന്ധിച്ച നിലവിലെ ചട്ടങ്ങളും പദ്ധതികളും പുനഃപരിശോധിച്ചതായി യുജിസി കോടതിയെ അറിയിച്ചു.
ഗുജറാത്തിലെ മഹാരാജ കൃഷ്ണകുമാർ സിൻജി ഭാവ്നഗർ സർവകലാശാല മുൻ വൈസ് ചാൻസലർ ശൈലേഷ് എൻ. സാല അധ്യക്ഷനായ വിദഗ്ധസമിതിയാണ് ഇക്കാര്യങ്ങൾ പരിശോധിച്ചതെന്നും യുജിസി വ്യക്തമാക്കി.
2012 ലെ യുജിസി ചട്ടപ്രകാരം കേന്ദ്ര-സംസ്ഥാന സർവകലാശാലകൾ, സ്വകാര്യ സർവകലാശാലകൾ, ഉന്നതവിദ്യാഭ്യാസ സ്ഥാപങ്ങൾ തുടങ്ങിയവയിൽ ജാതി വിവേചനവുമായി ബന്ധപ്പെട്ട എത്ര പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അതിൽ എത്രയെണ്ണം പരിഹരിച്ചുവെന്നതും അടക്കമുള്ള വിവരങ്ങൾ കൈമാറാൻ ജസ്റ്റീസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ ജനുവരി മൂന്നിന് യുജിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സമർപ്പിച്ച റിപ്പോർട്ടിൽ 1503 പരാതികൾ ലഭിച്ചുവെന്നും അതിൽ 1426 എണ്ണം പരിഹരിച്ചതായും യുജിസി വ്യക്തമാക്കി.
20 വർഷത്തിനിടെ ജീവനൊടുക്കിയത് 115 വിദ്യാർഥികൾ
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചന ഭീഷണി തടയാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് യുജിസി സുപ്രീംകോടതിയെ അറിയിച്ചു. കൂടാതെ, ഒരു പരാതിയും ശ്രദ്ധിക്കപ്പെടാതെയോ പരിഹരിക്കപ്പെടാതെയോ വിടുന്നില്ലെന്ന് ഉറപ്പാക്കാൻ സ്ഥിരമായി നിരീക്ഷണം നടത്തിയും ഹെൽപ് ലൈൻ സംവിധാനം സ്ഥാപിച്ചും അത്തരം സംഭവങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാൻ ശ്രമിക്കുന്നതായും യുജിസി വ്യക്തമാക്കി.
2004നും 2024നുമിടയിൽ ജാതിവിവേചനത്തിന്റെ പേരിൽ 115 ആത്മഹത്യകൾ സർവകലാശാലകളിൽ നടന്നിട്ടുണ്ടെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷക ഇന്ദിര ജയ്സിംഗ് നേരത്തെ കേസ് വാദിച്ചപ്പോൾ ചൂണ്ടിക്കാട്ടിയിരുന്നു.
ഹർജിക്കാരുടെ ആവശ്യപ്രകാരം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്ന ആത്മഹത്യാ മരണങ്ങളുടെ കൃത്യമായ ജാതി തിരിച്ചുള്ള കണക്കുകൾ പരിശോധിക്കാൻ കോടതി അനുമതി നൽകുകയും ചെയ്തിരുന്നു.