ജിഎസ്ടി, കസ്റ്റംസ് കേസുകളിൽ മുൻകൂർ ജാമ്യം ബാധകം: സുപ്രീംകോടതി
Friday, February 28, 2025 2:42 AM IST
ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നിയമത്തിനും കസ്റ്റംസ് നിയമത്തിനും മുൻകൂർ ജാമ്യം ബാധകമാണെന്ന് സുപ്രീംകോടതി.
ഇത്തരം കേസുമായി ബന്ധപ്പെട്ട് നിലവിൽ എഫ്ഐആർ ഇല്ലെങ്കിൽപ്പോലും വ്യക്തികൾക്ക് മുൻകൂർ ജാമ്യത്തിനു കോടതികളെ സമീപിക്കാമെന്നും ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, ജസ്റ്റീസുമാരായ എം.എം. സുന്ദരേഷ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കസ്റ്റംസ് നിയമത്തിലെയും ജിഎസ്ടി നിയമത്തിലെയും ശിക്ഷാ വ്യവസ്ഥകൾ ക്രിമിനൽ നടപടിച്ചട്ടത്തിനും ഭരണഘടനയ്ക്കും അനുയോജ്യമല്ലെന്ന് ആരോപിച്ചു സമർപ്പിച്ച ഒരുകൂട്ടം ഹർജികളിലാണു കോടതി വിധി.
ജിഎസ്ടി, കസ്റ്റംസ് നിയമപ്രകാരം അറസ്റ്റ് ചെയ്യാനുള്ള അധികാരം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഇത് ഏകപക്ഷീയമായ തടങ്കലുകളിലേക്കും മൗലികാവകാശ ലംഘനത്തിലേക്കും നയിക്കുന്നുവെന്നും ഹർജിക്കാർ വാദിച്ചിരുന്നു.