2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് വഴിത്തിരിവായിരിക്കുമെന്നു നടൻ വിജയ്
Thursday, February 27, 2025 2:14 AM IST
ചെന്നൈ: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരു വഴിത്തിരിവായിരിക്കുമെന്ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്.
1967ലെയും 1977ലെയും തെരഞ്ഞെടുപ്പുകള്‍ ചരിത്രമാണെന്നും 2026ല്‍ സംസ്ഥാനം വിപ്ലവകരമായ വഴിത്തിരിവിന് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാബലിപുരത്ത് ടിവികെ രൂപവത്കരിച്ചതിന്റെ ഒന്നാം വാര്‍ഷികാഘോഷപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ടിവികെയുടെ നേതൃത്വത്തില്‍ യുവാക്കളാണ് കൂടുതലായും ഉള്ളതെന്ന വിമര്‍ശനങ്ങള്‍ക്കും വിജയ് മറുപടി പറഞ്ഞു. “അതില്‍ എന്താണ് തെറ്റ്? ’’സി.എന്‍. അണ്ണാദുരൈയും (ഡിഎംകെ നേതാവും സ്ഥാപകനും) എംജിആറും (എഐഎഡിഎംകെ സ്ഥാപകന്‍) പ്രസ്ഥാനങ്ങള്‍ ആരംഭിച്ചപ്പോഴും യുവാക്കള്‍ പിന്നില്‍ ഉണ്ടായിരുന്നു.
യുവാക്കള്‍ നിര്‍ണായക പങ്ക് വഹിച്ചു. 1967ലെയും 1977ലെയും വിപ്ലവ വിജയങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഈ യുവ നേതാക്കളായിരുന്നു. അത് ചരിത്രമാണ്”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഏറ്റുമുട്ടുകയാണെന്നും ഇത് എല്‍കെജി-യുകെജി കുട്ടികള്‍ തമ്മില്‍ തല്ലുന്നതുപോലെയാണെന്നും വിജയ് പരിഹസിച്ചു.
ബിജെപിയും ഡിഎംകെയും ഹാഷ്ടാഗുകൊണ്ട് കളിക്കുകയാണെന്നും വിജയ് പറഞ്ഞു. “അവര്‍ സാമൂഹിക മാധ്യമത്തില്‍ ഹാഷ്ടാഗുകൊണ്ട് കളിച്ച് പരസ്പരം ഏറ്റുമുട്ടുന്നതായി അഭിനയിക്കുകയാണ്. അത് നമ്മള് വിശ്വസിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. വാട് ബ്രോ, ഇറ്റ് ഈസ് വെരി റോംഗ് ബ്രോ’’വിജയ് പരിഹസിച്ചു.
അതേസമയം, ഇന്നലെ രാവിലെ വിജയ്യുടെ വീട്ടിലേക്ക് ഒരാള്‍ ചെരുപ്പെറിഞ്ഞു. ചെന്നൈ നീലാങ്കരയിലുള്ള വീട്ടിലേക്കാണ് എറിഞ്ഞത്. വിജയ് വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു ചെരുപ്പേറ്. യുവാവിനെ പിടികൂടി പോലീസ് ചോദ്യംചെയ്തുവരികയാണ്.