മണിപ്പുരിൽ തിരിച്ചുകിട്ടിയത് പേരിനു മാത്രം ആയുധങ്ങൾ
Friday, February 28, 2025 2:42 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മണിപ്പുരിൽ മെയ്തെയ്, കുക്കി വിഭാഗങ്ങളുടെ പക്കലുള്ള അനധികൃത ആയുധങ്ങൾ അടിയറവ് വയ്ക്കാനുള്ള ഗവർണറുടെ അഭ്യർഥന വിജയിച്ചില്ല. നിയമവിരുദ്ധമായവ തിരികെ നൽകാനുള്ള ഒരാഴ്ച സമയം ഇന്നലെ അവസാനിച്ചപ്പോൾ 350ലേറെ ആയുധങ്ങളും 3,500 വെടിയുണ്ടകളും മാത്രമാണ് ഇരുവിഭാഗവും അടിയറവു വച്ചത്.
തീവ്ര മെയ്തെയ് ഗ്രൂപ്പായ അരംബായി തെങ്കോളിന്റെ പക്കലുള്ള ഏതാനും ആയുധങ്ങളും വെടിക്കോപ്പുകളും ഇംഫാലിൽ ഇന്നലെ പോലീസിനു കൈമാറി. എന്നാൽ, ഇവയുടെ കൃത്യമായ എണ്ണം വെളിപ്പെടുത്താൻ പോലീസ് വിസമ്മതിച്ചു. ഏതാനും പിക്ക്അപ് വാനുകളിലും ലോറികളിലും ആയുധശേഖരം എത്തിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഇവർ പ്രചരിപ്പിച്ചു.
തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിച്ചാൽ ആയുധങ്ങൾ അടിയറവ് വയ്ക്കാമെന്ന് അരംബായി തെങ്കോൾ വ്യക്തമാക്കിയിരുന്നു. ഇവർക്കു പുറമെ ആറു ജില്ലകളിലായി 104 ആയുധങ്ങളാണ് ബുധനാഴ്ച മറ്റു ഗ്രൂപ്പുകൾ തിരിച്ചേൽപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കാങ്പോക്പി, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപുർ, തൗബൽ, ഇംഫാൽ വെസ്റ്റ്, കക്ചിംഗ് ജില്ലകളിലാണ് ബുധനാഴ്ച ആയുധങ്ങൾ സമർപ്പിച്ചത്.
കൈവശമുള്ള നിയമവിരുദ്ധമായ ആയുധങ്ങൾ ഉപേക്ഷിക്കാൻ അനുവദിച്ച എഴു ദിവസത്തെ സമയപരിധി ഇന്നലെ വൈകുന്നേരം സമാപിച്ചു. ആയുധം സ്വമേധയാ തിരികെ നൽകുന്നവർക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കില്ലെന്ന് ഗവർണർ അജയ് കുമാർ ഭല്ലയും ചീഫ് സെക്രട്ടറി പി.കെ. സിംഗും ഉറപ്പു നൽകിയിരുന്നു.
ആയുധങ്ങൾ തിരിച്ചുനൽകാൻ അനുവദിച്ച ഒരാഴ്ച സമയം നീട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. അനധികൃത തോക്കുകളും ബോംബുകളും വീണ്ടെടുക്കാൻ സുരക്ഷാസേന ഇന്നുമുതൽ നടപടിയെടുക്കുമെന്നും പി.കെ. സിംഗ് പ്രഖ്യാപിച്ചു.
സൈന്യവും ആസാം റൈഫിൾസും സിആർപിഎഫും പോലീസും നടത്തിയ തെരച്ചിലിൽ വിവിധ ജില്ലകളിലായി മെയ്തെയ്, കുക്കി സായുധസംഘങ്ങളും ഗ്രാമ വോളണ്ടിയർമാരും സ്ഥാപിച്ച അര ഡസനിലധികം അനധികൃത ബങ്കറുകൾ പൊളിച്ചുമാറ്റി. അനധികൃത പോപ്പി തോട്ടങ്ങളും സുരക്ഷാസേന നശിപ്പിച്ചു.
കാംഗ്ലെയ്പാക് കമ്യൂണിസ്റ്റ് പാർട്ടി (കെസിപി), കാംഗ്ലെയ്പാക് കമ്യൂണിസ്റ്റ് പാർട്ടി-പീപ്പിൾസ് വാർ ഗ്രൂപ്പ് (കെസിപി-പിഡബ്ല്യുജി), കാംഗ്ലെയ് യാവോൽ കണ്ണ ലുപ് (കെവൈകെഎൽ) സംഘടനകൾ ഉൾപ്പെടെയുള്ള വിവിധ തീവ്രവാദ സംഘടനകളിലെയും സായുധ ഗ്രൂപ്പുകളിലെയും 50ലധികം കേഡറുകളെയും സുരക്ഷാസേനകൾ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, തീവ്ര മെയ്തെയ് ഗ്രൂപ്പായ അരംബായ് തെങ്കോൾ ഇന്നലെ തിരികെ നൽകിയ തോക്കുകളും വെടിക്കോപ്പുകളും അവരുടെ പക്കലുള്ളതിന്റെ നേരിയ അംശം മാത്രമാണെന്ന് റിപ്പോർട്ടുകളുണ്ട്.
ഗവർണർ അജയ് ഭല്ലയുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ച നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ചാൽ മാത്രമേ നിയമവിരുദ്ധ ആയുധങ്ങൾ ഉപേക്ഷിക്കുകയുള്ളൂവെന്ന് അരംബായി തെങ്കോൾ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
ഇപ്പോഴും 4,700 തോക്കുകൾ തീവ്രവാദികളുടെ പക്കൽ
മണിപ്പുരിൽ 2023 മേയ് മൂന്നിന് കലാപം തുടങ്ങിയശേഷം സംസ്ഥാനത്തെ പോലീസ്, അർധസൈനിക ആയുധപ്പുരകളിൽനിന്നു കുറഞ്ഞത് 6,500 ആയുധങ്ങൾ കൊള്ളയടിച്ചുവെന്ന് ദേശീയമാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തു.
അത്യാധുനിക തോക്കുകൾക്കു പുറമെ മോർട്ടാറുകളും ഗ്രനേഡുകളും ഷെല്ലുകളും റോക്കറ്റ് ലോഞ്ചറുകളും ഉൾപ്പെടെ ആറു ലക്ഷത്തിലധികം വെടിക്കോപ്പുകളും കൊള്ളയടിച്ചിരുന്നു. കൊള്ളയടിച്ച ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്ക് സംസ്ഥാനസർക്കാർ സീൽ ചെയ്ത കവറിൽ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു.
സർക്കാർ ആയുധപ്പുരകളിൽനിന്നു കൊള്ളയടിച്ചതിൽ ചുരുങ്ങിയത് 4,700 അനധികൃത തോക്കുകളെങ്കിലും ഇപ്പോഴും മെയ്തെയ്, കുക്കി തീവ്ര സായുധ ഗ്രൂപ്പുകളുടെ പക്കലുണ്ടെന്നാണു വിലയിരുത്തൽ.
കൊള്ളയടിച്ച 1,200 ആയുധങ്ങൾ സൈന്യം കണ്ടെടുത്തിട്ടുണ്ടെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ് അറിയിച്ചിരുന്നു. അതിനുശേഷം ഔദ്യോഗിക കണക്കുകളൊന്നും സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.
തട്ടിക്കൊണ്ടുപോയ തോക്കുകൾക്കു പുറമെ ആയിരക്കണക്കിനു തോക്കുകളും വെടിയുണ്ടകളും ബോംബുകളും തീവ്രവാദ സംഘടനകളുടെ സജീവ പ്രവർത്തകരുടെ പക്കലുണ്ട്.
മ്യാൻമർ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ അടക്കമുള്ള വിദേശരാജ്യങ്ങളിൽനിന്നും ആസാം, ഡൽഹി, മിസോറം, നാഗാലാൻഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും മണിപ്പുരികൾ തോക്കുകൾ വാങ്ങിയിരുന്നു.