ബസിനുള്ളിലെ ബലാത്സംഗം: വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചു
Friday, February 28, 2025 2:42 AM IST
മുംബൈ: മഹാരാഷ്ട്രയിലെ സ്വർഗേറ്റ് ബസ് സ്റ്റേഷനിലെ ബസിനുള്ളിൽവച്ച് 26 വയസുള്ള യുവതിയെ ബലാത്സംഗം ചെയ്തശേഷം രക്ഷപ്പെട്ട യുവാവിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ദത്താത്രേയ രാംദാസ് ഗഡെ (37) എന്ന പ്രതിയെ പിടികൂടാൻ 13 സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം നടത്തിവരികയാണ്.
ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ നടത്തുന്നുണ്ട്. നിരവധി സ്ഥലങ്ങളിലെ മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ 2019 മുതൽ ജാമ്യത്തിലാണ്. പുലർച്ചെ 5.30ന് സത്താറ ജില്ലയിലേക്കുള്ള ബസ് കാത്തുനിന്ന തന്നെ ദീദി (ചേച്ചി) എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രതി സമീപിച്ചതെന്ന് ബലാത്സംഗത്തിനിരയായ യുവതി പറഞ്ഞു.
ബസ് വരുന്ന പ്ലാറ്റ്ഫോം മറ്റൊന്നാണെന്നും അവിടേക്ക് കൊണ്ടുപോകാമെന്നും പറഞ്ഞ പ്രതി തന്നെ സ്റ്റേഷന്റെ മറ്റൊരു കോണിൽ പാർക്ക് ചെയ്തിരുന്ന കാലി ബസിലേക്കു കയറ്റുകയും അവിടെവച്ച് പീഡിപ്പിക്കുകയുമായിരുന്നെന്ന് അവർ കൂട്ടിച്ചേർത്തു.
സംഭവം 2012ലെ നിർഭയ കേസ് പോലെ ഗുരുതരമാണെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റൗത് പറഞ്ഞു. പൂനയുടെ ഗാർഡിയൻ മന്ത്രി അജിത് പവാറിനെതിരേയും റൗത് വിമർശനമുന്നയിച്ചു. പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു.