കേജരിവാൾ രാജ്യസഭയിലേക്കെന്ന അഭ്യൂഹങ്ങൾ തള്ളി എഎപി
Thursday, February 27, 2025 2:14 AM IST
ന്യൂഡൽഹി: പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാൾ രാജ്യസഭയിലേക്ക് എന്ന അഭ്യൂഹങ്ങൾ തള്ളി ആം ആദ്മി പാർട്ടി.
കേജരിവാൾ പഞ്ചാബ് മുഖ്യമന്ത്രിയാകുമെന്ന് മാധ്യമങ്ങൾ ആദ്യം പറഞ്ഞുവെന്നും ഇപ്പോഴവർ അദ്ദേഹം രാജ്യസഭയിലേക്കെന്ന് പറയുന്നുവെന്നും രണ്ടു വാർത്തകളും തെറ്റാണെന്നും എഎപി വക്താവ് പ്രിയങ്ക കക്കാർ പറഞ്ഞു.
നിലവിൽ എഎപിയുടെ രാജ്യസഭാംഗമായിരിക്കുന്ന സഞ്ജീവ് അറോറയെ പഞ്ചാബിലെ ലുധിയാന വെസ്റ്റിൽ നടക്കുന്ന ഉപതെരഞ്ഞടുപ്പിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കേജരിവാൾ രാജ്യസഭയിലെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.
അറോറയുടെ സ്ഥാനാർഥിത്വം പഞ്ചാബിൽനിന്ന് കേജരിവാളിനെ രാജ്യസഭയിലേക്ക് എത്തിക്കാനുള്ള നീക്കമാണോയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ചോദിച്ചിരുന്നു.
ഡൽഹി തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം കേജരിവാൾ പഞ്ചാബിൽനിന്ന് പാർലമെന്റിലേക്ക് എത്താൻ ശ്രമിക്കുകയാണെന്ന് പഞ്ചാബിലെ കോണ്‍ഗ്രസ് എംഎൽഎ സുക്പാൽ സിംഗ് ഖൈരയും ആരോപിച്ചിരുന്നു. ഇതോടെയാണ് വിശദീകരണവുമായി പാർട്ടി രംഗത്തെത്തിയത്.
2022ൽ പഞ്ചാബിൽനിന്നു രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അറോറയ്ക്ക് 2028 വരെ കാലാവധിയുണ്ട്.