മതമാറ്റക്കുറ്റം ആരോപിച്ച് അറസ്റ്റും ജയിലും; ബീവാറിൽ സംഘർഷം
Friday, February 28, 2025 1:16 AM IST
ജയ്പുർ: രാജസ്ഥാനിലെ ബീവാർ ജില്ലയിൽ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് മതംമാറ്റിയെന്ന ആരോപണത്തിൽ അറസ്റ്റിലായ വാർഡ് കൗൺസിലർ ഉൾപ്പെടെ നാല് പേർ റിമാൻഡിൽ. അജ്മീർ കോടതിയാണ് വാർഡ് കൗൺസിലർ ഹക്കിം ഖുറേഷിയെയും മറ്റ് മൂന്ന് പേരെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
കേസിൽ ഇതുവരെ ഒമ്പത് മുസ്ലിംകളാണ് അറസ്റ്റിലായിരിക്കുന്നത്. മൂന്ന് പ്രായപൂർത്തിയാകാത്തവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ ബീവാർ ജില്ലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടി പിതാവിന്റെ പേഴ്സിൽനിന്നും 2,000 രൂപ കവർന്ന സംഭവം ഹിന്ദു-മുസ്ലിം സംഘർഷമായി വളരുകയായിരുന്നു.
പെൺകുട്ടിക്ക് മുസ്ലിം യുവാവുമായി ബന്ധമുണ്ടെന്നും ഇയാൾ പരസ്പരം ബന്ധപ്പെടാൻ ചൈനീസ് മൊബൈൽ ഫോൺ നൽകിയെന്നും മാതാപിതാക്കൾ കണ്ടെത്തി. പെൺകുട്ടിയുടെ പ്രായപൂർത്തിയാവാത്ത സഹോദരിക്കും മറ്റൊരു മുസ്ലിം യുവാവുമായി ബന്ധമുണ്ടെന്നും പറയുന്നു. പെൺകുട്ടികളെ നിർബന്ധിച്ച് യുവാക്കൾ ബന്ധം നിലനിർത്താൻ പ്രേരിപ്പിച്ചതായും പറയുന്നു.
ഇത്തരത്തിൽ അഞ്ച് പെൺകുട്ടികൾ ചൂഷണത്തിനിരയായെന്നാണു പരാതി. പെൺകുട്ടികളുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടും പിടിച്ചെടുത്ത മൊബൈൽ ഫോണിന്റെ ഫോറൻസിക് ലാബ് റിപ്പോർട്ടും കാത്തിരിക്കുകയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതോടെ പ്രദേശത്ത് ഹിന്ദു-മുസ്ലിം സംഘർഷം ആരംഭിച്ചു. സംഭവത്തിനു ശേഷം, പ്രതികളുടെ കുടുംബങ്ങൾക്കും പ്രാദേശിക ജുമാ മസ്ജിദിനും കൈയേറ്റ നോട്ടീസ് ലഭിച്ചു.
ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കണമെന്നാവശ്യപ്പെട്ടാണ് ബിജയ്നഗർ മുനിസിപ്പാലിറ്റി നോട്ടീസ് അയച്ചത്. ക്രമക്കേടുകൾ ആരോപിച്ച് മുനിസിപ്പാലിറ്റി ചില കെട്ടിടങ്ങൾ പൊളിക്കുകയും ചെയ്തു.
ഇതോടെ മുസ്ലിംകൾ വിഷയത്തിൽ നിയമസഹായം തേടി. ചൊവ്വാഴ്ച, മുസ്ലിം പ്രതിനിധി സംഘം ബീവാർ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. തുടർന്ന്, പൊളിക്കൽ നടപടികളുമായി മുന്നോട്ട് പോകരുതെന്ന് കളക്ടർ മുനിസിപ്പാലിറ്റിയോട് നിർദേശിച്ചു. തങ്ങൾ നിരന്തരം ഭയത്തോടെയാണ് ജീവിക്കുന്നതെന്ന് അറസ്റ്റിലായ പ്രതികളുടെ കുടുംബാംഗങ്ങൾ പറയുന്നു.