എനിക്കെതിരേ വാർത്തകൾ നിർമിക്കപ്പെടുന്നു: തരൂർ
Friday, February 28, 2025 2:42 AM IST
ന്യൂഡൽഹി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തനിക്കെതിരേ വാർത്തകൾ നിർമിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം ഡോ. ശശി തരൂർ എംപി. താൻ പറയാത്ത കാര്യങ്ങൾ ഉൾപ്പെടെ വളച്ചൊടിച്ച് അപമാനിച്ചത് അടക്കം ലജ്ജാകരമായ രണ്ടു കാര്യങ്ങളാണ് ഇന്ത്യൻ എക്സ്പ്രസ് പത്രം ചെയ്തതെന്ന് തരൂർ കുറ്റപ്പെടുത്തി.
ഇത്രയും നിരുത്തരവാദപരമായ പത്രപ്രവർത്തനത്തിനെതിരേ പൊതുപ്രവർത്തകന് എന്തു സംരക്ഷണമാണുള്ളതെന്നും കെട്ടുകഥ സൃഷ്ടിക്കുന്നതിൽ ഉൾപ്പെട്ട ആരിൽനിന്നും ഇതുവരെ തനിക്കു ക്ഷമാപണം ലഭിച്ചിട്ടില്ലെന്നും തരൂർ തുറന്നടിച്ചു. മുഴുവൻ കഥയും അടിസ്ഥാനരഹിതമായിരുന്നുവെന്നതാണു നിർണായകം. താൻ പറഞ്ഞതോ ഉദ്ദേശിച്ചതോ ആയ അർഥമായിരുന്നില്ല തന്റെ വാക്കുകൾക്കു നൽകിയ വളച്ചൊടിക്കൽ എന്നതു വ്യക്തമാണെന്നും തരൂർ വിശദീകരിച്ചു.
കേരളത്തിലെ കോണ്‍ഗ്രസ് കാര്യങ്ങൾ ചർച്ച ചെയ്യാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും വിളിച്ച ഡൽഹി യോഗത്തിനു മുന്‍പായാണ് തരൂരിന്റെ രൂക്ഷ പ്രതികരണം. കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനത്ത് ഇന്നു വൈകുന്നേരം 4.30 മുതൽ നടക്കുന്ന കേരള നേതാക്കളുടെയും എംപിമാരുടെയും യോഗത്തിൽ തരൂർ പങ്കെടുക്കുമെന്ന ബുധനാഴ്ചത്തെ ദീപികയുടെ എക്സ്ക്ലൂസീവ് റിപ്പോർട്ട് അദ്ദേഹം ഇന്നലെ ഡൽഹിയിൽ ശരിവച്ചു.
കോണ്‍ഗ്രസ് വിടാൻ തരൂർ ആലോചിക്കുന്നില്ലെന്നും ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. കേരള കാര്യങ്ങൾക്കായി സംസ്ഥാന നേതാക്കളെയും എംപിമാരെയും ഡൽഹിക്കു വിളിപ്പിച്ചതും ദീപിക ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു.
കേരള നേതാക്കളുടെ യോഗം ഇന്ന്
ന്യൂഡൽഹി: കേരളത്തിലെ കോണ്‍ഗ്രസ് നേതൃയോഗം ഇന്നു ഡൽഹിയിൽ നടക്കും. കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനത്ത് വൈകുന്നേരം 4.30ന് തുടങ്ങുന്ന യോഗത്തിൽ സംസ്ഥാനത്തെ സംഘടനാകാര്യങ്ങളും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ച ചെയ്യും. എന്നാൽ കെപിസിസി അധ്യക്ഷനെ മാറ്റുന്നതുപോലുള്ള കാര്യങ്ങളിൽ ഇന്നു തീരുമാനമൊന്നും ഉണ്ടാകില്ലെന്ന് ഉന്നത നേതാക്കൾ വ്യക്തമാക്കി.