വഖഫ് ബിൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും
Friday, February 28, 2025 2:42 AM IST
ന്യൂഡൽഹി: പരിഷ്കരിച്ച വഖഫ് ബിൽ മാർച്ച് പത്തിന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
സംയുക്ത പാർലമെന്ററി സമിതി (ജെപിസി) നിർദേശിച്ച വിവിധ ഭേദഗതികൾ ഉൾപ്പെടുത്തിയ പുതുക്കിയ വഖഫ് ബില്ലിന് കഴിഞ്ഞ 19ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിൽ വഖഫ് ബില്ലുമായി ബന്ധപ്പെട്ട ജെപിസി റിപ്പോർട്ട് പാർലമെന്റിന്റെ ഇരുസഭകളിലും സമർപ്പിച്ചിരുന്നു. എന്നാൽ റിപ്പോർട്ടിൽ തങ്ങളുടെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിക്കുകയും വിയോജനക്കുറിപ്പ് കൂട്ടിച്ചേർക്കാൻ തയാറാണെന്ന് കേന്ദ്രസർക്കാർ അറിയിക്കുകയും ചെയ്തിരുന്നു.
വഖഫ് ബോർഡിൽ അമുസ്ലിംകളെ ഉൾപ്പെടുത്തുന്നതും നിയമത്തിന്റെ പേര് മാറ്റുന്നതും അടക്കമുള്ള ബിജെപി അംഗങ്ങളുടെ 14 ഭേദഗതികൾ ചേർത്തുള്ളതാണ് പുതുക്കിയ ബിൽ.