മഹാ കുംഭമേള പുതുയുഗത്തിന്റെ ഉദയം: പ്രധാനമന്ത്രി മോദി
Friday, February 28, 2025 1:16 AM IST
ന്യൂഡൽഹി: പ്രയാഗ് രാജിൽ സമാപിച്ചത് ഒരുമയുടെ മഹാ കുംഭമേളയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 140 കോടി ഇന്ത്യക്കാരുടെ വികാരങ്ങൾ ഒരേ ഇടത്ത്, ഒരേസമയം ഈ വിശുദ്ധ വേളയിൽ ഒന്നാകുന്നത് നാം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ഒരുമയുടെ മഹായജ്ഞം സമാപിച്ചു.
രാജ്യത്തിന്റെ ചേതന ഉണരുമ്പോൾ, നൂറ്റാണ്ടുകൾ നീണ്ട അധിനിവേശ മനോഭാവത്തിന്റെ പ്രതിബന്ധങ്ങൾ തകർത്തു മുന്നേറുമ്പോൾ, നവോന്മേഷത്തിന്റെ ശുദ്ധമായ വായു നമ്മുടെ രാജ്യം സ്വതന്ത്രമായി ശ്വസിക്കുന്നു. ഇതിന്റെ ഫലത്തിനാണ് ജനുവരി 13 മുതൽ പ്രയാഗ്രാജിൽ ഒരുമയുടെ മഹാ കുംഭമേളയിൽ സാക്ഷ്യം വഹിച്ചത്.
ഗംഗ, യമുന, സരസ്വതി എന്നിവയുടെ പുണ്യ സംഗമം ഓരോ തീർത്ഥാടകനെയും ആവേശം, ഊർജം, ആത്മവിശ്വാസം എന്നിവയാൽ സമ്പന്നമാക്കി. പ്രയാഗ്രാജിലെ ഈ മഹാകുംഭമേളയുടെ ആസൂത്രണം, ആധുനിക മാനേജ്മെന്റ് പ്രഫഷണലുകൾക്കും നയ വിദഗ്ധർക്കും ഒരു പഠന വിഷയമാണ്.
ലോകത്ത് എവിടെയും ഇത്ര വലിയ തോതിലുള്ളതോ സമാന്തരമായതോ ആയ മറ്റൊരു ഉദാഹരണമില്ല. ഐക്യത്തിന്റെ ഈ മഹാകുംഭത്തിൽ അമേരിക്കൻ ജനസംഖ്യയുടെ ഇരട്ടി ജനങ്ങൾ പങ്കെടുത്തു.
ഇത് ഒരു നവ യുഗത്തിന്റെ ഉദയമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ഒരു നവ ഇന്ത്യയുടെ ഭാവി രചിക്കും. ഈ മഹാകുംഭമേളയിൽ, രാജ്യത്തിലെയും ലോകത്തിലെയും ജനങ്ങൾ ഇന്ത്യയുടെ കൂട്ടായ ശക്തിയുടെ വമ്പിച്ച സാധ്യതകൾക്ക് സാക്ഷ്യം വഹിച്ചു. ഈ ആത്മവിശ്വാസത്തോടെ നാം ഇപ്പോൾ മുന്നോട്ടു പോകുകയും വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനായി സ്വയം സമർപ്പിക്കുകയും വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.