ഹിന്ദി മുഖംമൂടി, ഒളിഞ്ഞിരിക്കുന്നത് സംസ്കൃതം: സ്റ്റാലിൻ
Friday, February 28, 2025 2:42 AM IST
ചെന്നൈ: സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും തമിഴ് ഭാഷയും സംസ്കാരവും സംരക്ഷിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
ഹിന്ദി എന്നത് ഒരു മുഖംമൂടിയാണെന്നും സംസ്കൃതമാണ് അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന മുഖമെന്നും പാർട്ടി പ്രവർത്തകർക്കെഴുതിയ കത്തിൽ അദ്ദേഹം ആരോപിച്ചു.
ഹിന്ദിയുടെ ആധിപത്യം മൂലം വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംസാരിച്ചിരുന്ന മൈഥിലി, ബ്രജ്, ബുന്ദേൽഖണ്ഡി, അവധി തുടങ്ങിയ ഭാഷകൾ ഇല്ലാതായിക്കഴിഞ്ഞെന്നും കത്തിൽ പറയുന്നു. ത്രിഭാഷാ നയത്തിന്റെ പേരിൽ സംസ്കൃതവത്കരണമാണ് നടക്കുന്നത്. മൂന്നാം ഭാഷയായി വിദേശഭാഷ പോലും പഠിക്കാമെന്ന ബിജെപിയുടെ വാദം തെറ്റാണ്.
ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ ഉർദു അധ്യാപകർക്കു പകരം സംസ്കൃത അധ്യാപകരെയാണു നിയമിച്ചിട്ടുള്ളത്. ത്രിഭാഷാ നയം അംഗീകരിക്കുന്നതോടുകൂടി തമിഴ് അവഗണിക്കപ്പെടുകയും ഭാവിയിൽ സംസ്കൃതവത്കരണം നടപ്പിലാകുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.