കുറ്റവാളികളായ രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക്: ഹർജിയെ എതിർത്ത് കേന്ദ്രസർക്കാർ
Thursday, February 27, 2025 2:14 AM IST
സനു സിറിയക്
ന്യൂഡൽഹി: കുറ്റവാളിയായി കണ്ടെത്തി ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന ഹർജിയെ എതിർത്തു കേന്ദ്രസർക്കാർ.
അത്തരത്തിൽ രാഷ്ട്രീയക്കാർക്ക് അയോഗ്യത ചുമത്തേണ്ടത് പാർലമെന്റിന്റെ മാത്രം പരിധിയിൽ വരുന്ന വിഷയമാണെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8, 9 എന്നിവയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്തു ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായ 2016ൽ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
പാർലമെന്റ് പാസാക്കിയ നിയമത്തെ അതിന്റെ ഫലപ്രാപ്തിയുടെയോ മറ്റൊരു സാധ്യതയ്ക്ക് മുൻഗണന കൊടുക്കുന്നതിന്റെയോ പേരിൽ ചോദ്യം ചെയ്യാൻ പാടില്ലെന്നു കോടതി പലതവണ വ്യക്തമാക്കിയതാണെന്നും കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്നത് ഉചിതമല്ലെന്നും യുക്തിസഹമായി അയോഗ്യതയുടെ കാലാവധി തീരുമാനിക്കുന്നത് പാർലമെന്റാണെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടും സത്യവാങ്മൂലത്തിൽ അറിയിച്ചു.
നിലവിലെ അയോഗ്യതകാലയളവായ ആറു വർഷംതന്നെ തുടർന്നാൽ മതിയെന്നാണു കേന്ദ്രത്തിന്റെ നിലപാട്. ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനാന്ത ശിക്ഷ ഏർപ്പെടുത്തുന്നത് കഠിനമാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
രാഷ്ട്രീയത്തിൽ ക്രിമിനൽവത്കരണം ഗുരുതരമായ വിഷയമാണെന്ന് നേരത്തേ ഹർജിയിൽ വാദം കേൾക്കവേ ജസ്റ്റീസുമാരായ ദീപങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചിരുന്നു. നിയമനിർമാണം രാഷ്ട്രീയക്കാർതന്നെ നടത്തുന്നതിലെ വൈരുദ്ധ്യവും അന്ന് കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു. കേസിൽ അടുത്ത മാസം മൂന്നിന് വീണ്ടും വാദം കേൾക്കും.