മാന്യമായ ജീവിതം: കേരളം മുന്നിൽ
Friday, February 28, 2025 1:16 AM IST
സീനോ സാജു
ന്യൂഡൽഹി: മാന്യമായ ജീവിതത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനലക്ഷ്യങ്ങളിൽ (എസ്ഡിജി) കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലെന്ന് ശാസ്ത്ര-പരിസ്ഥിതികേന്ദ്രം പുറത്തിറക്കിയ ‘സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ്സ് ’ റിപ്പോർട്ട്.
പൗരന്മാർക്ക് മാന്യമായ ജീവിതം ഉറപ്പാക്കുന്ന സുസ്ഥിര വികസന സൂചികകളായ ദാരിദ്ര്യമില്ലായ്മ, വിശപ്പില്ലായ്മ, ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസ നിലവാരം, മാന്യമായ ജോലി, സാന്പത്തികവളർച്ച എന്നിവയിൽ കേരളത്തിനും തമിഴ്നാടിനും 100ൽ 80.2 സ്കോർ ഉണ്ട്.
ഇതേ മേഖലയിൽ രാജ്യത്തിന് 66 സ്കോറേ നേടാൻ കഴിഞ്ഞിട്ടുള്ളൂ. രാജ്യത്തെ 51 ശതമാനം ജനങ്ങളും ഉൾപ്പെടുന്ന പത്തു സംസ്ഥാനങ്ങൾക്കും ഒരു കേന്ദ്രഭരണപ്രദേശത്തിനും മാന്യമായ ജീവിതം ഉറപ്പാക്കുന്ന സുസ്ഥിര വികസന സൂചികകളിൽ 65ന് താഴെ സ്കോർ മാത്രമേ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളൂ.
നീതി ആയോഗ്, ഡബ്ലിൻ സർവകലാശാല, ദേശീയ ജനസംഖ്യ കമ്മീഷൻ എന്നിവയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ‘സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ്സ് ’ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
മാന്യമായ ജീവിതത്തിനും സാമൂഹ്യനീതിക്കും ആരോഗ്യകരമായ പരിസ്ഥിതിക്കുമുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ കേരളം മുന്നിട്ടു നിൽക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാണെങ്കിലും അടിസ്ഥാനസൗകര്യ വികസനത്തിൽ കേരളം പല സംസ്ഥാനങ്ങളേക്കാൾ പിന്നിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പൗരന്മാർക്ക് മികച്ച അടിസ്ഥാനസൗകര്യം ഉറപ്പാക്കുന്ന സൂചികകളായ ശുദ്ധമായ വെള്ളം, ശുചിത്വം, വ്യവസായം, അടിസ്ഥാന സൗകര്യം, ചെലവ് വഹിക്കാൻ കഴിയുന്ന ശുദ്ധമായ ഊർജം, ഉത്തരവാദിത്വ ഉപഭോഗവും ഉത്പാദനവും എന്നിവയിൽ കേരളത്തിന്് 100ൽ 78.6 മാത്രമേ സ്കോർ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ.
അതിനിടെ, യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള 2024ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 167 രാജ്യങ്ങളിൽ ഇന്ത്യ 109-ാമതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷത്തേക്കാൾ മൂന്നു സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും ആകെയുള്ള 16 സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ ഒന്പതിലും ആഗോള ശരാശരിയേക്കാൾ പിന്നിലാണ് ഇന്ത്യ.
വികസനലക്ഷ്യങ്ങളിലെ ആഗോള ശരാശരി സ്കോർ 67 ആണെങ്കിൽ രാജ്യത്തിന്റെ സ്കോർ 63.9 മാത്രമാണ്. ജനങ്ങളുടെയും ഭൂമിയുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള 16 സുസ്ഥിരവികസന ലക്ഷ്യങ്ങൾ 2030ഓടെ കൈവരിക്കുമെന്ന് യുഎൻ അംഗരാജ്യങ്ങൾ സമ്മതിച്ചിരുന്നു.
രാജ്യങ്ങൾ നൂറിൽ നൂറ് സ്കോർ ചെയ്താലാണു സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിച്ചെന്ന് കണക്കാക്കുന്നത്.